ദോഹ: ഖത്തറിലെ ഓട്ടക്കാരുടെ പോരിടമായ ഗൾഫ് മാധ്യമം 'ഖത്തർ റൺ'മൂന്നാം സീസൺ ഏപ്രിൽ ഒന്നിന്. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ ഇന്ത്യക്കാരും വിദേശികളും ഉൾപ്പെടുന്ന ഓട്ടക്കാരുടെ കലണ്ടർ ഇനമായി മാറിയ 'ഖത്തർ റൺ 2022'ന് ഒരുക്കങ്ങളെല്ലാം പൂർത്തിയായി രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ദീർഘ- ഹ്രസ്വ ദൂര വിഭാഗങ്ങളിലായി 45 ഓളം രാജ്യക്കാർ പങ്കാളികളാവുന്ന ഖത്തർ റണ്ണിൽ ഇത്തവണ അഞ്ഞൂറോളം ഓട്ടക്കാരെയാണ് പ്രതീക്ഷിക്കുന്നത്. നല്ല മനസ്സിന്, നല്ല ആരോഗ്യം എന്ന സന്ദേശവുമായി 2020, 2021 സീസണുകളിൽ ഖത്തറിലെ വിവിധ ദേശക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ഖത്തർ റൺ ഇക്കുറി കൂടുതൽ ആകർഷകമായാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ കളിയിടമായ ആസ്പയർ പാർക്കാണ് ഇത്തവണയും വേദിയാവുന്നത്. ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച രാവിലെ 6.30ന് മത്സരങ്ങൾക്ക് തുടക്കം കുറിക്കും. പൂർണമായും കോവിഡ് േപ്രാട്ടോകോൾ പാലിച്ചാവും മത്സരങ്ങൾ.
10 കി.മീ, 5 കി.മീ, മൂന്ന് കി.മീ ദൂര വിഭാഗങ്ങളിൽ 16 കാറ്റഗറികളിലായി മത്സരം നടക്കും. ഓപൺ, മാസ്റ്റേഴ്സ്, കുട്ടികളുടെ പ്രൈമറി-സെക്കൻഡറി എന്നീ പ്രായ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 40 മുകളിലുള്ളവർക്ക് മാസ്റ്റേഴ്സിൽ മത്സരിക്കാം. 16മുതൽ മുകളിൽ പ്രായക്കാർക്ക് ഓപൺ വിഭാഗത്തിലും പങ്കെടുക്കാം. ഏഴ് മുതൽ 10 വരെ പ്രൈമറി വിഭാഗത്തിലും, 11 മുതൽ 15 വരെ സെക്കൻഡറി വിഭാഗത്തിലും മത്സരിക്കും. ഫിനിഷ്ചെയ്യുന്നവർക്കെല്ലാം ആകർഷകമായ മെഡലും സമ്മാനമായി ലഭിക്കും. സ്കൂൾ വിദ്യാർഥികൾക്കായും ഇത്തവണ പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യ, ഖത്തർ, ബ്രിട്ടൻ,യു.എസ്, യുക്രെയ്ൻ, ന്യൂസിലൻഡ്, ഫിലിപ്പീൻസ്, തുനീഷ്യ, ജർമനി, റഷ്യ, പാകിസ്താൻ, ഫ്രാൻസ് തുടങ്ങിയ 45 ഓളം രാജ്യങ്ങളിൽ നിന്നുള്ള ഓട്ടക്കാരാണ് പതിവായി മത്സരങ്ങളിൽ പങ്കാളികളാവുന്നത്. 2021 ഒക്ടോബറിൽ ആസ്പയർ പാർക്കിലും, 2020 ഫെബ്രുവരിയിൽ അൽ ബിദ്ദ പാർക്കിലുമായിരുന്നു ഖത്തർ റണ്ണിന്റെ മുൻകാല മത്സരങ്ങൾ നടന്നത്.
രജിസ്ട്രേഷന് 55373946 എന്നീ നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.