ദോഹ: മറുപടിയില്ലാത്ത നാലു ഗോളിന്റെ തോൽവിയുമായി കോൺകകാഫ് ഗോൾഡ് കപ്പ് ക്വാർട്ടറിൽനിന്ന് മടക്കടിക്കറ്റ് വാങ്ങിയെങ്കിലും ഖത്തറിനും കോച്ച് കാർലോസ് ക്വിറോസിനും അഭിമാനിക്കാം. പുതുനിരയുമായി കളത്തിലിറങ്ങി, വരാനിരിക്കുന്ന വമ്പൻ പോരാട്ടങ്ങളിലേക്ക് യുവസംഘത്തെ കെട്ടിപ്പടുക്കാനുള്ള കോച്ചിന്റെ ശ്രമങ്ങൾക്ക് അടിത്തറപാകുന്നതായി അമേരിക്കയിൽ നടക്കുന്ന കോൺകകാഫിലെ പ്രകടനങ്ങൾ.
ഞായറാഴ്ച പുലർച്ച സിൻസിനാറ്റിയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ 4-0ത്തിനായിരുന്നു പാനമ ഖത്തറിനെ കീഴടക്കിയത്. മഞ്ഞക്കാർഡുകൾ പെയ്ത ഗ്രൂപ് റൗണ്ടിലെ മത്സരത്തിന്റെ ക്ഷീണം ഖത്തറിന് ക്വാർട്ടറിൽ തിരിച്ചടിയായി. മെക്സികോക്കെതിരായ നിർണായക മത്സരത്തിൽ റഫറി എട്ടുതവണ മഞ്ഞക്കാർഡ് വീശിയതു കാരണം, ആറു താരങ്ങളില്ലാതെയാണ് ക്വാർട്ടറിനിറങ്ങിയത്.
ഗോൾകീപ്പർ മിഷാൽ ബർഷാം മുതൽ അഹമ്മദ് ഫാതിഹ്, മുഹമ്മദ് വാദ്, പ്രതിരോധ താരം താരിഖ് സൽമാൻ, മുസാബ് ഖാദിർ തുടങ്ങിയവരെല്ലാം െപ്ലയിങ് ഇലവനിൽ പുറത്തായപ്പോൾ അൽ മുഈസ് അലി തിരികെയെത്തിയെങ്കിലും കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല. കളിയുടെ ഒന്നാം പകുതിയിൽ 1-0ത്തിന് പാനമ ലീഡ് നേടി. 19ാം മിനിറ്റിൽ യോവൽ ബാർസന്റെ ഗോളിലൂടെയായിരുന്നു അവർ ഖത്തറിന്റെ വല കുലുക്കിയത്.
രണ്ടാം പകുതിയിൽ പ്രതിരോധം പാളിയ ഖത്തറിന്റെ ഗോൾമുഖത്തേക്ക് പാനമ താരങ്ങൾ ഇരമ്പിയാർത്തു. ഒമ്പതു മിനിറ്റ് ഇടവേളയിൽ വഴങ്ങിയത് മൂന്നു ഗോളുകൾ. ഇടതു വിങ്ങിൽ കളിയുടെ ആക്രമണ ചുമതല ഏറ്റെടുത്ത ഇസ്മായിൽ ഡിയാസ് ഹാട്രിക് ഗോളുകളുമായി ഖത്തറിന്റെ ഗോൾമുഖം തകർത്തു. പ്രതിരോധ പൂട്ടുകൾ പൊട്ടിച്ച് കുതിച്ചുകയറിയായിരുന്നു ഇസ്മായിൽ ഡിയാസ് പാനമയെ തോളിലേറ്റിയത്.
56, 63, 65 മിനിറ്റുകളിലായിരുന്നു താരം സ്കോർ ചെയ്തത്. നാലു ഗോളുകൾ വഴങ്ങിയതിനു പിന്നാലെ, കോച്ച് അടിയന്തര സബ്സ്റ്റിറ്റ്യൂഷനുകളുമായി കളിയിൽ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞ പാനമ തങ്ങളുടെ ഗോൾവല ഭദ്രമാക്കി. സലാഹ് സകരിയയായിരുന്നു ഖത്തറിന്റെ ഗോൾവല കാത്തത്.
ലോകകപ്പും പിന്നാലെ ക്ലബ് സീസണും സമാപിച്ചതോടെ സീനിയർ താരങ്ങളായ ഹസൻ ഹൈദോസ്, അക്രം അഫീഫ് തുടങ്ങിയവർക്ക് വിശ്രമം നൽകിയാണ് ഖത്തർ കോൺകകാഫിലെത്തിയത്. കോച്ച് കാർലോസ് ക്വിറോസ് സ്ഥാനമേറ്റശേഷം ആദ്യ ദൗത്യം കൂടിയായി ടൂർണമെന്റ്.
നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ടും ജനുവരിയിൽ സ്വന്തം മണ്ണിൽ നടക്കുന്ന ഏഷ്യൻ കപ്പും ഉൾപ്പെടെ വമ്പൻ പോരാട്ടത്തിനുള്ള തയാറെടുപ്പിനിടെയായിരുന്നു കരീബിയൻ, സെൻട്രൽ അമേരിക്കൻ രാജ്യങ്ങളുടെ പോരാട്ടമായ കോൺകകാഫ് ടൂർണമെന്റിൽ ഖത്തർ അതിഥിരാജ്യമായി പങ്കെടുത്തത്. 2021ൽ ഖത്തർ സെമിഫൈനൽ വരെ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.