ദോഹ: കുടുംബത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുന്ന പ്രവാസ ജീവിതത്തിനിടയിൽ ക്ഷണിക്കാതെതന്നെ വലിഞ്ഞുകയറിയെത്തുന്നതാണ് ജീവിത ശൈലീ രോഗങ്ങൾ. 30ഉം 40 വർഷം മരുഭൂമിയിൽ ചോരനീരാക്കി കുടുംബത്തെ സംരക്ഷിച്ച്, നാട്ടിലേക്ക് മടങ്ങുന്ന മിക്ക പ്രവാസികൾക്കും അവർ ആഗ്രഹിക്കാത്ത സമ്പാദ്യമായാണ് പലപ്പോഴും ഇത്തരം രോഗങ്ങൾ, വിശ്രമകാല ജീവിതത്തിനൊപ്പം അവർക്കൊപ്പമെത്തുന്നത്. അവയിൽ പ്രധാനമാണ് ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങൾ. ചിട്ടയായ ജീവിതത്തിലൂടെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഒഴിവാക്കാൻ കഴിയും. എന്നാൽ, അവഗണിച്ചാലോ അവ മാരകമായ രോഗങ്ങളിലേക്കുള്ള വഴിയുമാവാം.
ഉദരസംബന്ധമായി പ്രവാസികൾക്കിടയിൽ കാണപ്പെടുന്ന രോഗങ്ങളെകുറിച്ചും പ്രതിവിധികളെ കുറിച്ചും നസീം മെഡിക്കൽ സെന്‍ററിലെ ഗ്യാസ്ട്രോ എന്ററോളജി ആൻഡ് ഹെപ്പറ്റോളജി വിദഗ്ധൻ ഡോ. സയ്യിദ് അദ്നാൻ മുഹിനുദ്ദീൻ സംസാരിക്കുന്നു. ദഹന പ്രശ്നങ്ങളും വയറിന് താഴ്ഭാഗത്തെ വേദനയും ഗ്യാസ്ട്രബിളുകളുമായി പ്രവാസി സമൂഹത്തിൽനിന്നും നിരവധിപേരാണ് ചികിത്സതേടുന്നത്. തെറ്റായ ജീവിത ശൈലിയും ഭക്ഷണ ക്രമവുമെല്ലാം പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. പലരുചികളിലും രീതികളിലുമുള്ള ഭക്ഷണങ്ങൾ നിരന്തരമായി കഴിക്കുന്നതും സമയക്രമമല്ലാത്ത ഭക്ഷണ രീതിയുമെല്ലാമാണ് പ്രവാസി സമൂഹങ്ങൾക്കിടയിൽ ഉദരസംബന്ധമായ രോഗങ്ങൾക്ക് കാരണമാവുന്നത്.
ഒരുദിവസം ഏഴിനാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ, അടുത്തദിവസം എട്ടിനും പിന്നെ ഒമ്പതിനുമെല്ലാമായി ശീലമാക്കുന്നത് ശരീരത്തിന്‍റെ ദഹനവ്യവസ്ഥയെതന്നെ ബാധിക്കുന്നു. ഇതു വിവിധ രോഗാവസ്ഥയിലേക്കുള്ള ആരംഭത്തിനു കൂടിയാണ് വഴിയൊരുക്കുന്നത്. ചിട്ടയോടുകൂടിയ ജീവിതശൈലിയും പതിവായ വ്യായാമവും നല്ല രീതിയിലുള്ള ഭക്ഷണക്രമവുണ്ടെങ്കിൽ ഒട്ടുമിക്ക ഗ്യാസ്ട്രോ പ്രശ്നങ്ങളും ഒഴിവാകും. ധാരാളം വെള്ളമോ അല്ലെങ്കില്‍ പാനീയങ്ങളോ കുടിക്കുക. അതിനുപുറമെ നാരുവേരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുക. ഇതു മലബന്ധത്തെ അകറ്റിനിര്‍ത്തുകയും വയറു സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യും. ജംഗ് ഫുഡുകളും ഫാസ്റ്റ്ഫുഡും പതിവാക്കുന്നതും ഹോട്ടൽ ഭക്ഷണങ്ങളെ ആശ്രയിക്കുന്നതും ഒഴിവാക്കാവുന്നതാണ്.
കരുതലാണ് മുഖ്യം
-ഉദരസംബന്ധമായ പലരോഗങ്ങളും വ്യത്യസ്ത ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. പെപ്റ്റിക് അൾസർ ബാധിക്കുന്ന കേസുകളിൽ ഉദരവേദനയാണ് ആദ്യഘട്ടങ്ങളിൽ അനുഭവപ്പെടുന്നത്. ഇന്ത്യ, സൗത്ത് ഏഷ്യൻ സമൂഹങ്ങളിൽ കൂടുതലായി ഫാറ്റി ലിവർ കേസുകൾ കാണപ്പെടുന്നുണ്ട്. മദ്യപാനം കാരണവും അല്ലാതെയും ഇത് ശ്രദ്ധയിൽപെടുന്നു. മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. തുടക്കത്തിൽ തന്നെരോഗം തിരിച്ചറിയുകയെന്നത് പ്രധാനമാണ്. അൾട്രാസൗണ്ട് സ്കാനിങ്, എം.ആർ.ഐ, ഫൈബറോ സ്കാൻ-ഇലാസ്ട്രോ ഗ്രഫി തുടങ്ങിയ സംവിധാനങ്ങൾ വഴിയും തുടർന്ന് ആവശ്യമായ രക്തപരിശോധനയിലൂടെയും തുടക്കത്തിൽതന്നെ രോഗം തിരിച്ചറിയാനായാൽ ചികിത്സയിലൂടെതന്നെ ഭേദമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.