ദോഹ: ഖത്തറിലെ മലിനജല സംസ്കരണ പദ്ധതികളിൽ നിർണായകമാവാനൊരുങ്ങി നിർമാണത്തിലിരിക്കുന്ന വക്റയിലെയും വുകൈറിലെയും കൂറ്റൻ ഡ്രെയിനേജ് തുരങ്കം. പ്രതിദിനം 150 ദശലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാൻ ശേഷിയുള്ള കേന്ദ്രം രാജ്യത്തിന്റെ ദക്ഷിണമേഖലയിലെ ജനജീവിതത്തിന്റെ മുഖച്ഛായ തന്നെ മാറ്റും.
വക്റയിലെയും വുകൈറിലെയും വിവിധ പ്രദേശങ്ങളിലെ മലിനജല ശൃംഖലയിൽ നിന്നുള്ള ഒഴുക്കിനെ ഉൾക്കൊള്ളാൻ പുതിയ ഡ്രെയിനേജ് ടണലിന് സാധിക്കും. ഇവയെ വക്റ, വുകൈർ മലിനജല സംസ്കരണ പ്രവർത്തനങ്ങളിലേക്ക് മാറ്റാനും കഴിയുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു.
അൽ ഖുവൈത്തിം മുതൽ ബിർകത്ത് അൽ അവാമീർ വരെ 13.3 കിലോമീറ്റർ നീളവും 4.5 മീറ്റർ വ്യാസവുമാണ് പ്രധാന തുരങ്കത്തിനുള്ളത്. ഈ വർഷം രണ്ടാം പാദത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് നടപ്പാക്കുന്നത്. 2020 നവംബറിലാണ് നിർമാണ പദ്ധതിക്ക് തുടക്കം കുറിച്ചത്. 85.91 കോടി റിയാൽ ചെലവിൽ ഖത്തറിൽ നടപ്പാക്കുന്ന ഇത്തരത്തിലെ ആദ്യ പദ്ധതി കൂടിയാണിത്. രണ്ട് ടണൽ ബോറിങ് മെഷീനുകൾ (ടി.ബി.എം) ഉപയോഗിച്ച് ഏകദേശം 60 മീറ്റർ ആഴത്തിലാണ് തുരങ്കം നിർമിക്കുന്നത്.
ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കനുസൃതമായി ഖനന പ്രക്രിയയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും തൊഴിലാളികൾക്ക് പരമാവധി സുരക്ഷ നൽകുന്നതിനുമായി പ്രത്യേകം രൂപകൽപന ചെയ്ത നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതാണ് ഓരോ ടി.ബി.എമ്മും. തുരങ്കത്തിന് ചുറ്റുമുള്ള സൗകര്യങ്ങൾക്കോ നിർമിതികൾക്കോ കേടുപാടുകൾ സംഭവിക്കുകയില്ലെന്ന ഉറപ്പിന് പുറമേയാണിത്.
ഭൂമിയിൽനിന്ന് 50 മുതൽ 63 വരെ മീറ്റർ ആഴത്തിൽ തുരങ്കത്തിന്റെ അടിഭാഗം വരെ എട്ട് ഷാഫ്റ്റുകളാണ് പദ്ധതിക്ക് കീഴിൽ നിർമിക്കുന്നത്. ആഴത്തിലുള്ള ഖനന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനും തുരങ്കത്തിലെ പരിശോധനകളും കാലാനുസൃതമായ അറ്റകുറ്റപ്പണികളും നടത്തുന്നതിന് വേണ്ടിയാണ് ഷാഫ്റ്റുകൾ നിർമിക്കുന്നത്. പ്രതിദിനം 1,50,000 ഘനമീറ്റർ പ്രാരംഭശേഷിയുള്ള മലിനജല സംസ്കരണ പ്ലാന്റ് വക്റയിലെയും വുകൈറിലെയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മലിനജലം സംസ്കരിക്കുന്നതിൽ നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.