സർക്കാർ സ്വത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കും; 15 മുതൽ രാജ്യവ്യാപക പരിശോധന

ദോഹ: പൊതു സ്വത്തുക്കളിലെ അനധികൃത കൈയേറ്റങ്ങൾ തടയുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള സമഗ്ര കാമ്പയിനുമായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം. കാർഷിക മേഖലകൾ, എസ്​റ്റേറ്റുകൾ, വിജനമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വീടുകളുൾപ്പെടെയുള്ളവ കാമ്പയി​െൻറ ഭാഗമായി നീക്കം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

നവംബർ 15ന് ആരംഭിക്കുന്ന കാമ്പയിൻ 2021 ഏപ്രിൽ പകുതി വരെ തുടരും. പൊതു, സ്വകാര്യ സ്വത്തുക്കൾ സംബന്ധിച്ച 1987ലെ 10ാം നമ്പർ നിയമ വ്യവസ്​ഥകൾ നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് കാമ്പയിൻ. പൊതു, സ്വകാര്യ വസ്​തുക്കളെല്ലാം രാജ്യത്തി​േൻറതാണ്​. ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്നും മന്ത്രാലയത്തിൽ നിന്നും പ്രത്യേക മാനദണ്ഡങ്ങളും നിയമനിർദേശങ്ങളും പാലിച്ചുകൊണ്ട്, പ്രത്യേക അനുമതിയില്ലാതെ അവ സ്വന്തമാക്കാനോ കൈവശപ്പെടുത്താനോ അധീനപ്പെടുത്താനോ അധികാരമില്ലെന്നും നിയമം അനുശാസിക്കുന്നു.

പൊതുവസ്​തുക്കളിലും സ്വത്തുക്കളിലുമുള്ള അനധികൃത കടന്നുകയറ്റം നീക്കംചെയ്യാൻ ബന്ധപ്പെട്ട അതോറിറ്റികൾക്ക് നിയമം അധികാരം നൽകുകയും ചെയ്യുന്നുണ്ട്. കാമ്പയി​െൻറ ഭാഗമായി അധികൃതർ പരിശോധന നടത്തുകയും ൈകയേറ്റങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുന്നറിയിപ്പ് നോട്ടീസ്​ പതിക്കുകയും ചെയ്യും. തുടർന്ന് നിശ്ചിത ദിവസത്തിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ സർക്കാർ മേൽനോട്ടത്തിൽ നീക്കം ചെയ്യുകയും ൈകയേറ്റക്കാരെ സുരക്ഷാ വിഭാഗത്തിന് കൈമാറുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.

പൊതുസ്വത്തുക്കളിലെ അനധികൃത ൈകയേറ്റം തടയുന്നതിന് നേരത്തേ വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ കാമ്പയിനുകൾ നടന്നിട്ടുണ്ട്​. എന്നാൽ, ഇതാദ്യമായാണ് രാജ്യത്തുടനീളം എല്ലാ മുനിസിപ്പാലിറ്റികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന്​ മുനിസിപ്പൽ വിഭാഗം അസി. അണ്ടർ സെക്രട്ടറി മൻസൂർ അബ്​ദുല്ല അൽ മഹ്മൂദ് പറഞ്ഞു.

എല്ലാ മേഖലയിലുമുള്ള കടന്നുകയറ്റങ്ങളെയും അനധികൃത നിർമാണങ്ങളെയും കാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. പരിസ്​ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പ്രവർത്തനങ്ങളെല്ലാം ഇതി​െൻറ പരിധിയിൽ പെടും. എല്ലാ ൈകയേറ്റങ്ങളും ഉടൻ ഒഴിയേണ്ടതാണെന്ന് മുന്നറിയിപ്പ് നൽകുകയാണെന്നും നിയമലംഘകരെ സുരക്ഷാ വകുപ്പിന് കൈമാറുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.