ദോഹ: ഗൾഫ് പെട്രോകെമിക്കൽസ് ആൻഡ് കെമിക്കൽസ് അസോസിയേഷന്റെ (ജി.പി.സി.എ) വാർഷിക ഫോറത്തിന് ആദ്യമായി ഖത്തർ വേദിയാകുന്നു.
ഡിസംബർ അഞ്ചു മുതൽ ഏഴു വരെ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലാണ് ജി.പി.സി.എയുടെ 17ാമത് വാർഷിക ഫോറം നടക്കുക.‘മൊബിലൈസിങ് കെമിസ്ട്രി ഫോർ ഇംപാക്ട്ഫുൾ ട്രാൻസ്ഫോർമേഷൻ’ എന്ന പ്രമേയത്തിൽ നടക്കുന്ന ഫോറത്തിന്റെ ഉദ്ഘാടന ദിവസം ഖത്തർ ഊർജകാര്യ സഹമന്ത്രി സഅദ് ഷെരീദ അൽ കഅ്ബി സംസാരിക്കും.
വിവിധ വിഷയങ്ങളിൽ അന്താരാഷ്ട്ര തലത്തിലെ പ്രശസ്ത പെട്രോകെമിക്കൽ സ്ഥാപന മേധാവികളും ഗവേഷകരും സംസാരിക്കും. വെർസാലിസ് സി.ഇ.ഒ അഡ്രിയാനോ അൽഫാനി, എക്സോൺ മൊബീൽ പ്രൊഡക്ട് സൊലൂഷൻ പ്രസിഡന്റ് കാരൻ മക്കീ എന്നിവർ ആദ്യ ദിനം പങ്കെടുക്കും.
രണ്ടാം ദിനം കാപ്കോ സി.ഇ.ഒയും മാനേജിങ് ഡയറക്ടറും ജി.പി.സി.എ വൈസ് ചെയർമാനുമായ ഡോ. മുഹമ്മദ് അൽ മുല്ല സ്വാഗതപ്രഭാഷണം നടത്തും. കെമിക്കലുകളിലെ വ്യവസായിക ഏകീകരണം സംബന്ധിച്ച എക്സിക്യൂട്ടിവ് പാനൽ ചർച്ചക്ക് ഇനിയോസ് ഗ്രൂപ് ഡയറക്ടർ ടോം ക്രോട്ടി നേതൃത്വം നൽകും.
ഫോറത്തിന്റെ രണ്ട്, മൂന്ന് ദിനങ്ങളിലായി നടക്കുന്ന പാനൽ ചർച്ചകളിൽ വ്യാപാര ഭാവി, നാളെയിലെ വളർച്ച അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലെ നവീകരണം, ഡിജിറ്റൽ യുഗത്തിലെ സൈബർ സുരക്ഷ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. 2000ത്തിലധികം വ്യവസായ പ്രതിനിധികൾ ഫോറത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.