ദോഹ: നിലവിലെ ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തർ ഏത് സമയവും ചർച്ചക്ക് തയ്യാറെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി.
ഖത്തറിനെതിരായ നീതീകരിക്കാൻ സാധിക്കാത്ത ഉപരോധവും അതിനെ തുടർന്ന് ഖത്തർ ജനതക്കും മറ്റ് അറബ് ജനതക്കുമുണ്ടായ മാനുഷിക പ്രശ്നങ്ങളും മറ്റും നേരത്തെ ചർച്ച ചെയ്തിട്ടുണ്ടെന്നും നമ്മളെല്ലാം സഹോദരന്മാരാണെന്നും അമീർ ഓർമിപ്പിച്ചു.
ജക്കാർത്തയിലെ ബോഗോർ പ്രസിഡൻഷ്യൽ പാലസിൽ ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിദോദോയുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അമീർ പ്രതിസന്ധി പരിഹാരം സംബന്ധിച്ച് വ്യക്തമാക്കിയത്. ഖത്തറും ഇന്തോനേഷ്യയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം ലക്ഷ്യം വെച്ചുള്ള കരാർ ഒപ്പുവെക്കൽ ചടങ്ങിനും പ്രസിഡൻഷ്യൽ പാലസിൽ അമീർ സാക്ഷ്യം വഹിച്ചു. ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിെൻറ ഭാഗമായി ഇന്തോനേഷ്യയിലെത്തിയതായിരുന്നു അമീർ.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരം മാനിച്ചുകൊണ്ടും വിവിധ കരാറുകൾ പ്രകാരവും തുറന്ന ചർച്ചക്ക് ഖ ത്തർ തയ്യാറാണെന്നും സംയുക്ത പത്രസമ്മേളനത്തിൽ അമീർ ആവർത്തിച്ചു.
ഇന്തോനേഷ്യൻ സന്ദർശനത്തിൽ അമീർ സന്തോഷം രേഖപ്പെടുത്തി. നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, ഈർജ്ജം, വിനോദസഞ്ചാരം എന്നീ മേഖലകളിലും പരസ്പരം പ്രാധാന്യമുള്ള മറ്റ് വിഷയങ്ങളിലും ഖത്തരും ഇന്തോനേഷ്യയും തമ്മിൽ ചർച്ച നടത്തിയതായും സന്ദർശനം കൊണ്ട് മികച്ച ഫലം പ്രതീക്ഷിക്കുന്നതായും അമീർ സൂചിപ്പിച്ചു.
ഇസ്ലാമിക ലോകത്തിലെ വളരെ പ്രധാനപ്പെട്ട രാജ്യമാണ് ഇന്തോനേഷ്യയെന്നും മ്യാന്മറിലെ റോഹിങ്ക്യൻ ജനതയുടെ പ്രശ്നങ്ങളടക്കമുള്ള വിവിധ വിഷയങ്ങൾ അവരുമായി ചർച്ച ചെയ്തെന്നും അമീർ പറഞ്ഞു. റോഹിങ്ക്യൻ പ്രതിസന്ധിയിൽ ഉടൻ പരിഹാരം കാണണമെന്നും ഖത്തർ ഇതിനകം തന്നെ സഹായം നൽകിയിട്ടു ണ്ടെന്നും പറഞ്ഞ അമീർ, പ്രതിസന്ധിയിൽ അകപ്പെട്ട ജനതക്ക് സഹായം നൽകേണ്ടത് രാജ്യങ്ങളുടെ ബാധ്യതയാണെന്നും ഇതുമായി ബന്ധപ്പെട്ട് മ്യാന്മർ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾക്ക് മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.