ദോഹ: ഗൾഫ് മേഖലയിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിക്കുള്ള സാധ്യത തള്ളിക്കളഞ്ഞ് ബ്രിട്ടൻ. പരസ്പര ഭിന്നത രൂക്ഷമാണെങ്കിലും സൈനിക നടപടി ഉണ്ടാകാനുള്ള സാധ്യത അതിവിദൂരമാണെന്ന് ഖത്തറിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കുവൈത്ത് നടത്തുന്ന മാധ്യസ്ഥ ശ്രമങ്ങളെ എല്ലാ നിലക്കും പിന്തുണക്കുന്നതായി അദ്ദേഹം അറിയിച്ചു. നേരത്തെ കുവൈത്ത് സന്ദർശിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഖത്തറിനെതിരെ അയൽ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തിൽ തങ്ങൾക്കുള്ള അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. ഭീകരവാദ പ്രവർത്തനങ്ങളെ തടയുന്നതിൽ കൂട്ടായ പരിശ്രമമാണ് ആവശ്യം. അതിന് വേണ്ടിയുള്ള പരിശ്രമം കാര്യമായി നടക്കേണ്ടതുണ്ടെന്ന് ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ആൽഥാനി, വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി എന്നിവരുമായും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപരോധം തുടരാൻ ആർക്കും താൽപര്യമില്ല. സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനാൽ സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങില്ല –ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇരുരാജ്യങ്ങൾക്കും പാതുതാൽപര്യമുള്ള വിവിധ വിഷയങ്ങളും ഖത്തർ അമീറും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും ചർച്ച ചെയ്തു. ഭീകരതയും മേഖലയിലെ മറ്റു വിഷയങ്ങളും കൂടിക്കാഴ്ചയിൽ കടന്നുവന്നു. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ചർച്ചാവിഷയമായി. 2022 ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തറിനുള്ള ബ്രിട്ടെൻറ പിന്തുണയും ബോറിസ് ജാൺസൺ എടുത്തുപറഞ്ഞു.
കുവൈത്ത് സന്ദർശനത്തിനുശേഷം ശനിയാഴ്ച വൈകീട്ടാണ് ബോറിസ് ജോൺസൺ ദോഹയിലെത്തിയത്. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്ക് ശക്തി പകരുന്നതിെൻറ ഭാഗമായായിരുന്നു ജോൺസൺ കുവൈത്ത് സിറ്റിയിലെത്തിയത്. കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ്, കാബിനറ്റ് മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്സബാഹ് എന്നിവരുമായി ജാൺസൺ കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം സൗദിയിലും സന്ദർശനം നടത്തിയ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി സൗദി കിരീടാവകാശി ശെശഖ് മുഹമ്മദ് ബിൻ സൽമാൻ, യു.എ.ഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ് യാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൾഫ് പര്യടനത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ പര്യടന ഉദ്ദേശം വ്യക്തമാക്കിയ ബ്രിട്ടൻ വിദേശകാര്യ മന്ത്രി മേഖലയിൽ സമാധാനം തിരികെ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങൾക്ക് പിന്നിലും ബ്രിട്ടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.