ദോഹ: ഗൾഫ് പ്രതിസന്ധിയിൽ ഉൾപ്പെട്ട മുഴുവൻ രാജ്യങ്ങൾക്കും തൃപ്തികരമായ പരിഹാരം ഉണ്ടാകുന്നതിന് തുറന്ന ചർച്ചക്ക് ഖത്തർ രാജ്യം സന്നദ്ധമാണെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.ജർമനിയിൽ സന്ദർശനത്തിനെത്തിയ അമീർ ബർലിനിൽ ചാൻസ്ലർ ആൻഗല മെർക്കലുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നത്തിൽ ഉൾപ്പെട്ട മുഴുവൻ രാഷ്ട്രങ്ങളുമായും തുറന്ന ചർച്ചക്ക് തങ്ങൾ സന്നദ്ധരാണ്. എല്ലാ രാജ്യങ്ങൾക്കും തൃപ്തികരമായ പരിഹാരത്തിലേക്ക് എത്തുന്നത് വരെ ചർച്ച തുടരാമെന്നും അമീർ വ്യക്തമാക്കി.
കുവൈത്ത് നടത്തിവരുന്ന മധ്യസ്ഥ ശ്രമങ്ങളെ തുടക്കം മുതൽ ഖത്തർ സ്വാഗതം ചെയ്തതാണ്. ഇനിയും കുവൈത്തിെൻറ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഭീകരവാദത്തെ എതിർക്കുന്നതിൽ എല്ലാവർക്കും ഒരേ മനസ്സാണുള്ളത്. എന്നാൽ ഭീകരവാദം കൈകാര്യം ചെയ്യുന്ന രീതിയിലാണ് ഭിന്നത നിലനിൽക്കുന്നത്. അതിെൻറ കാരണങ്ങളും വേരുകളും കണ്ടെത്തുന്ന കാര്യത്തിൽ വേണ്ടത്ര വിജയിക്കുന്നില്ലെന്നും ശൈഖ് തമീം അഭിപ്രായപ്പെട്ടു.
ചില അറബ് രാജ്യങ്ങൾ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഭീകരവാദത്തെ അതിെൻറ കാരണങ്ങളിൽ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണം.
ജൂലൈയിൽ നടത്താനിരുന്ന സന്ദർശനമാണ് ഇപ്പോൾ നടന്നതെന്ന് മെർക്കൽ അറിയിച്ചു. ഗൾഫ് പ്രതിസന്ധി കാരണം നടക്കാതെ പോയ സന്ദർശനം ഇപ്പോൾ നടക്കുകയായിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഴുവൻ സഹകരണവും ഖത്തർ അമീർ വാഗ്ദാനം ചെയ്തതായി അവർ പറഞ്ഞു.
കുവൈത്ത് നടത്തിവരുന്ന മധ്യസ്ഥ ശ്രമത്തെ പിന്തുണക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി ജർമൻ ചാൻസ്ലർ അറിയിച്ചു. ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ സാധ്യമാകുന്ന എല്ലാ ശ്രമങ്ങളും നടത്താൻ സന്നദ്ധമാണെന്ന് അമീർ ശൈഖ് തമീം ഉറപ്പ് നൽകിയതായി അവർ പറഞ്ഞു. എല്ലാ രാജ്യങ്ങൾക്കും അംഗീകരിക്കാൻ കഴിയുന്ന തീരുമാനങ്ങളെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഖത്തർ അമീർ പങ്കുവെച്ചതെന്ന് അവർ അറിയിച്ചു. ജർമനി ഏതെങ്കിലും ഒരു രാജ്യത്തോടൊപ്പമാണെന്ന് പറയാൻ കഴിയില്ല. എന്നാൽ ഖത്തറുമായി ശക്തമായ ഉഭയകക്ഷി അടുപ്പമാണ് ജർമനിക്കുള്ളത്.
തുർക്കിയിൽ സന്ദർശനം നടത്തി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അമീർ ശൈഖ് തമീം ജർമനിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.