ദോഹ: ഗൾഫ് പ്രതിസന്ധി സഹോദരങ്ങൾ തമ്മിലുണ്ടായ രാഷ്ട്രീയ തർക്കമാണെന്നും അത് അടിയന്തരമായി കൂടിയിരുന്ന് പരിഹരിക്കുകയാണ് വേണ്ടതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ.അഹ്മദ് ബിൻ ഹസൻ അൽഹമ്മാദി. പ്രതിസന്ധിയുടെ തുടക്കം മുതൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഈ വിഷയത്തിൽ തുറന്ന സമീപനമാണ് സ്വീകരിച്ചത്. ഈ രാജ്യങ്ങളിലുള്ളവരെല്ലാം പരസ്പരം സഹോദരങ്ങളാണ്. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ അക്കാര്യം കൂടിയിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുമെന്ന സമീപനമാണ് ഖത്തറിനുള്ളത്. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ ഏറെ സംയമനം പാലിക്കാൻ തുടക്കം മുതൽ തന്നെ അമീർ നിർദേശിച്ചത് ശ്രദ്ധേയമാണ്.
ഉപരോധ രാജ്യങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള നയതന്ത്ര ബന്ധം മാത്രമല്ല ഖത്തറിനുളളതെന്ന് ഡോ. ഹമ്മാദി വ്യക്തമാക്കി. കുടുംബങ്ങൾ തമ്മിലുള്ള അടുത്ത ബന്ധമാണ് ഈ രാജ്യങ്ങളുമായി ഉള്ളത്. അതുകൊണ്ടുതന്നെ ബന്ധം എത്രയും വേഗം സാധാരണ ഗതിയിൽ ആകേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജി.സി.സി സംവിധാനം കൂടുതൽ ശക്തമായി നിലനിൽക്കണമെന്നാണ് ഖത്തർ ആഗ്രഹിക്കുന്നത്. എന്നാൽ നിലവിലെ ജി.സി.സിയുടെ പ്രവർത്തനത്തിൽ തങ്ങൾ സംതൃപ്തരല്ല. അംഗ രാജ്യങ്ങളുടെ വിഷയങ്ങളിൽ സജീവമായി ഇടപെടാൻ കഴിയുകയും പ്രതിസന്ധി ഘട്ടങ്ങളിൽ മാധ്യസ്ഥെൻറ റോളിൽ പ്രവർത്തിക്കാൻ കഴിയുകയും വേണം.
ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളുടെ വികാരത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ജി.സി.സിക്ക് കഴിയണമെന്നും സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു. ലോകരാജ്യങ്ങൾ ഖത്തറിെൻറ നിലപാടിനെ സംബന്ധിച്ച് വ്യക്തമായി മനസ്സിലാക്കിയവരാണ്. അതിനാൽ തന്നെ ഉപരോധ രാജ്യങ്ങളുടെ ആരോപണങ്ങൾ ആരും ഗൗവരവത്തിലെടുത്തിട്ടില്ലെന്നും അദേഹം അറിയിച്ചു. തങ്ങളുടെ പൗരൻമാരുടെ അവകാശങ്ങൾ ഹനിക്കപ്പെടാതിരിക്കാൻ രാജ്യാന്തര തലങ്ങളിലെ വിവിധ കോടതികളിൽ കേസ് ഫയൽ ചെയ്തതായും ഡോ. ഹമ്മാദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.