ദോഹ: ഗൾഫ് രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലയെ അടിമുടി മാറ്റിമറിക്കുന്ന ഷെങ്കൻ മാതൃകയിലെ ‘ഗൾഫ് ഗ്രാൻഡ് ടൂർസ്’ വിസ ഈ വർഷം തന്നെ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി. ദോഹയിൽ നടക്കുന്ന ഖത്തർ സാമ്പത്തിക ഫോറത്തിൽ ‘ഗൾഫിൽനിന്ന് ലോകംവരെ: വിനോദ സഞ്ചാരമേഖലയുടെ ഭാവി’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ്യൻ രാജ്യങ്ങളിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ഷെൻങ്കൻ വിസ മാതൃകയിൽ അവതരിപ്പിക്കുന്ന ഗൾഫ് ഏകീകൃത ടൂറിസ്റ്റ് വിസക്ക് ‘ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ’ എന്ന് ഒരാഴ്ച മുമ്പ് പേര് നൽകിയിരുന്നു. ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലായിരുന്നു പുതിയ പേര് പ്രഖ്യാപിച്ചത്.
ഖത്തർ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലും അനായാസം യാത്ര ചെയ്യാൻ അനുവാദം നൽകുന്ന ‘ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ മേഖലയുടെ വിനോദ സഞ്ചാര സാധ്യതകൾ വർധിപ്പിക്കുമെന്ന് സഅദ് അൽ ഖർജി പറഞ്ഞു. അനുവദിച്ച വിസ വഴി 30 ദിവസം ഏത് രാജ്യത്തും അനായാസം സന്ദർശനം നടത്താം. മൾട്ടി എൻട്രി അനുവദിക്കുന്നതായിരിക്കും ഗ്രാൻഡ് ടൂർസ് വിസ. ഗൾഫ് രാജ്യങ്ങളുടെ സവിശേഷമായ ആതിഥ്യം ലോകമെങ്ങുമുള്ള സഞ്ചാരികൾക്ക് ഒരുേപാലെ അനുഭവിച്ചറിയാൻ വാതിലുകൾ തുറന്നു നൽകുന്നതായിരിക്കും ഈ വിസയെന്നും അദ്ദേഹം പറഞ്ഞു. ‘മറ്റൊരു രാജ്യത്തിനുമില്ലാത്ത ഒന്ന് ഞങ്ങൾക്കുണ്ട്. ആതിഥ്യമര്യാദയും സ്നേഹമസൃണമായ പരിചരണവുമാണത്. ഇതു ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഖത്തരികൾക്കും താമസക്കാർക്കും ലഭിക്കുന്നത്. ഏറ്റവും ഹൃദ്യവും മാന്യവുമായ രീതിയിൽ തന്നെ ഒരോ സന്ദർശകനും പരിചരിക്കപ്പെടുമെന്നും ഉറപ്പുണ്ട്’ -ഗ്രാൻഡ് ടൂർസ് വിസ മേഖലയുടെ വിനോദ സഞ്ചാര മേഖലയെ മാറ്റിമറിക്കുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.വിനോദ സഞ്ചാര മേഖലയെ മെച്ചപ്പെടുത്തുന്നതിൽ 2022ലെ ലോകകപ്പ് ഫുട്ബാളിന്റെ വിജയകരമായ സംഘാടനം പ്രധാന കാരണമായിരുന്നു.
ലോകകപ്പ് വിജയം ജി.സി.സി ഏകീകൃത വിസയെന്ന ചർച്ചകൾ ഊർജിതമാക്കി. അടുത്തിടെ സൗദിയുമായി കൈകോർത്ത് പ്രഖ്യാപിച്ച ‘ഡബ്ൾ ദി ഡിസ്കവറി’ വിനോദ സഞ്ചാര സഹകരണവും ഖത്തർ ടൂറിസം ചെയർമാൻ പരാമർശിച്ചു. ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെ യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി വിശദീകരിച്ചിരുന്നു. ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും സുരക്ഷയും സാങ്കേതികവുമായ ആശങ്കകൾ കാരണം ശ്രദ്ധാപൂർവം പരിഗണിച്ചായിരിക്കും ഇവ നടപ്പിൽവരുകയെന്നും അദ്ദേഹം വ്യക്തമാക്കി.ജി.സി.സി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്തുപകരുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ആഭ്യന്തരമന്ത്രിമാർ കഴിഞ്ഞ നവംബറിലാണ് അംഗീകാരം നൽകിയത്. മസ്കത്തിൽചേർന്ന ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തരമന്ത്രിമാരുടെ 40ാമത് യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്.ഷെങ്കൻ വിസ മാതൃകയിൽ ഒരു വിസകൊണ്ട് മറ്റു എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. നിലവിൽ ജി.സി.സി പൗരന്മാർക്ക് ആറ് രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാൻ കഴിയും. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഓരോ രജ്യത്തേക്കും പ്രവേശിക്കുന്നതിന് അതത് രാജ്യങ്ങളുടെ വിസകൾ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.