തൃശൂരിലെ എടത്തുരുത്തിയിൽ നിന്നെത്തി, ഖത്തറിന്റെ മണ്ണിനെ പൂക്കളും പച്ചക്കറികളും വൈവിധ്യമാർന്ന മാങ്ങകളും പഴവർഗങ്ങളുംകൊണ്ട് സമ്പന്നമാക്കിയ കർഷകപ്രതിഭയാണ് സിമി പോൾ. ഖത്തറിലെ പ്രവാസി സമൂഹത്തിനിടയിൽ മുഖവുര ആവശ്യമില്ലാത്ത വ്യക്തിത്വം.
ഖത്തർ എനർജിയിൽ ടെക്നിക്കൽ അസിസ്റ്റന്റായി ജോലിചെയ്യുന്ന തിരക്കും കഴിഞ്ഞ് വീട്ടിലെത്തിയാൽ അടുത്ത മൂന്നു നാല് മണിക്കൂർ തികഞ്ഞ കർഷകയായി മാറും. ഇതെല്ലാമൊരു പതിവായി മാറിയിട്ട് ഇപ്പോൾ 25 വർഷം പിന്നിട്ടു. മഅ്മൂറയിലെ ഇവരുടെ വീട്ടുമുറ്റത്തെ രാജ്യാന്തര നിലവാരത്തിലെ ഒരു കാർഷിക നഴ്സറിയെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. സുവോളജിയിൽ ബിരുദവുമായി ഖത്തറിലെത്തിയ ശേഷമായിരുന്നു താമസിക്കുന്നയിടത്തെ പച്ചപ്പിന്റെ പറുദീസയാക്കാൻ ഒരുങ്ങിയത്. ഫ്ലാറ്റിലെ സൗകര്യങ്ങൾ അതിനൊന്നും മതിയാവാതെ വന്നതോടെ മുറ്റവും ടെറസുമെല്ലാമുള്ള വില്ലയിലേക്ക് താമസം മാറ്റി. അങ്ങനെയാണ് മഅ്മൂറയിലെ വീട്ടുമുറ്റം ഖത്തറിന്റെ ഹരിതകേന്ദ്രമായി മാറുന്നത്. മുരിങ്ങ, കറിവേപ്പില, കോവയ്ക്ക, വിവിധതരം മുളകുകള്‍, വഴുതന, അമര, വിവിധതരം തക്കാളികള്‍, പുതിന, മല്ലി, കക്കിരി, വെള്ളരി, പാവല്‍, പടവലം, ചീരകള്‍, കാബേജ്, കോളി ഫ്ലവർ, ലെട്ടൂസ്, വിവിധ ഇനം പയറുകള്‍, മാവ്, മാതളം, ഓറഞ്ച്, ചെറുനാരങ്ങ, ആമ്പൽ, താമര തുടങ്ങി നൂറിലധികം വൈവിധ്യങ്ങളാണ് ഈ വീടിന് ചുറ്റുമായി പല സീസണുകളിൽ പടർന്നു പന്തലിക്കുന്നത്. പല സീസണിൽ പല നാടുകളിലുമായി വളരുന്നവയെല്ലാം ഒരേ മണ്ണിൽ വെച്ചുപിടിപ്പിച്ചാണ് ഈ പ്രവാസി ഉദ്യോഗസ്ഥ ഖത്തറിൽ വിജയഗാഥ
തീർക്കുന്നത്. ജോലിയുടെയും പ്രവാസ ജീവിതത്തിന്റെയും സമ്മർദം വീട്ടിലെ കൃഷിപ്പടർപ്പുകൾക്കിടയിൽ സമയം ചെലവഴിക്കുമ്പോൾ മാറിക്കിട്ടുമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഭർത്താവ് പോളിന്റെയും മക്കളായ കെവിൻ, എഡ്വിൻ എന്നിവരുടെയും നിറഞ്ഞ പിന്തുണയുമുണ്ട്. വിഷരഹിത കൃഷി വിഭവങ്ങൾ തേടിയെത്തുന്ന മലയാളികൾക്കു പുറമെ, അറബികളും സിമി പോളിന്റെ വീട്ടുമുറ്റത്തെ കൃഷിയിടത്തിന്റെ ആരാധകരാണ്.
കർഷക വിഭാഗം ചുരുക്കപ്പട്ടികയിലെ മൂന്നു പേരും കൃഷിയും പൂന്തോട്ടങ്ങളുമായാണ് ശ്രദ്ധേയരായതെങ്കിൽ ഖത്തറിന്റെ ഭക്ഷ്യസുരക്ഷയിൽ പങ്കുവഹിക്കുന്ന വ്യക്തിത്വം എന്ന നിലയിലാണ് മധ്യപ്രദേശിലെ ചിൻദ്വാര സ്വദേശിനിയായ അങ്കിത റായ് ചൗക്സി ഇടം നേടുന്നത്. കഴിഞ്ഞ എട്ടുവർഷമായി ഇവിടെ പ്രവാസിയായ ഇവർ അഗ്രികോ അഗ്രികൾചറൽ ഡെവലപ്മെന്റ് എന്ന ഖത്തറിലെ പ്രമുഖ കാർഷിക സ്ഥാപനത്തിന്റെ പാക്കിങ് ആൻഡ് ക്യൂ.എച്ച്.എസ്.ഇ മാനേജരായാണ് ജോലി ചെയ്യുന്നത്. പ്രാദേശിക ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങൾ വിപണിയിലെത്തിച്ച് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിൽ ഏറ്റവും സജീവമായ പങ്കുവഹിക്കുന്ന സ്ഥാപനത്തിൽ ശ്രദ്ധേയ സാന്നിധ്യം കൂടിയാണ് ഈ ഇന്ത്യക്കാരി. ഓർഗാനിക് കൃഷി രീതിയിൽ വിദഗ്ധ എന്നനിലയിലും സംഭാവന നൽകുന്നു.
ഖത്തറിന് ആവശ്യമായ കൃഷിരീതികൾ സംബന്ധിച്ച ഗവേഷണങ്ങളിലും ഇവരുടെ പങ്കാളിത്തമുണ്ട്. ഖത്തർ ഫൗണ്ടേഷൻ റിസർച് ഫണ്ട്, ഖത്തർ സർവകലാശാല, ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി, പരിസ്ഥിതി മന്ത്രാലയം എന്നിവരുമായി സഹകരിച്ച് 12ഓളം ഭക്ഷ്യസുരക്ഷ ഗവേഷണ പദ്ധതികളുടെയും ഭാഗമായിരുന്നു. ഇന്ത്യയുടെ ചോളകൃഷിയുടെ നഗരം എന്ന് വിശേഷിപ്പിക്കുന്ന മധ്യപ്രദേശിലെ ചിൻദ്വാരയിൽനിന്നെത്തിയ അങ്കിതക്ക് കുഞ്ഞുനാളിൽതന്നെ കൃഷിയും അഭിനിവേശമായിരുന്നു. ഈ മേഖലയിൽ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിൽ നിന്നാണ് ഗവേഷണ ബിരുദംവരെയെത്തിയതും പ്ലാൻറ് സയൻസിൽ സ്പെഷലൈസേഷനിലേക്ക് നീങ്ങിയതും. നേടിയെടുത്ത അറിവും പരിചയവും ഖത്തറിന്റെ കാർഷിക മേഖലക്കും പകർന്നു നൽകാനുള്ള അവസരമായാണ് അങ്കിത തന്റെ തൊഴിൽമേഖലയെ കാണുന്നത്. മരുഭൂമിയുടെ കൃഷി രീതികൾക്ക് ആവശ്യമായ ശാസ്ത്രീയ നിർദേശങ്ങളും ഗവേഷണങ്ങളുമായാണ് ഖത്തറിന്റെ കാർഷിക സമൃദ്ധിയിൽ ഈ ഇന്ത്യൻ സാന്നിധ്യം ശ്രദ്ധേയമാകുന്നത്.
എട്ട് മണിക്കൂറിലധികം വരുന്ന ജോലിസമയം, പാചക വിദഗ്ധയും വിവിധ സംഘടന ഭാരവാഹി എന്നനിലയിൽ പൊതു പ്രവർത്തകയുമായി പ്രവാസലോകത്ത് തിരക്കേറിയ ജീവിതം. അതിനിടയിൽ മണ്ണിൽ വിത്തിറക്കി വിള കൊയ്യുന്ന മാതൃകാ കർഷകയെന്ന നിലയിൽ ഇതിനകം ശ്രദ്ധേയയായിക്കഴിഞ്ഞ വ്യക്തിത്വമാണ് ഷഹന ഇല്യാസ്. കോഴിക്കോട് ചെറുവാടി സ്വദേശിയായ ഷഹന കഴിഞ്ഞ 11 വർഷമായി ഖത്തറിലുണ്ട്. ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു. ഏഴു വർഷം മുമ്പായിരുന്നു പരീക്ഷണമെന്ന നിലയിൽ കൃഷിയിലേക്ക് ഇറങ്ങുന്നത്. കാർഷിക പാരമ്പര്യമൊന്നുമില്ലെങ്കിലും, ഇപ്പോൾ പച്ചക്കറികൃഷി എങ്ങനെയാവണം, എപ്പോൾ തുടങ്ങണം, എന്തെല്ലാം ചെയ്യണമെന്നെല്ലാം ആധികാരികമായി വിശദീകരിക്കാൻ മാത്രം പരിചയ സമ്പത്തായി.
അസീസിയയിലെ വീട്ടുമുറ്റത്തുനിന്ന് കഴിഞ്ഞ സീസണിൽ വിളവെടുത്തത് ചെറുതും വലുതും പലനിറത്തിലും രുചിയിലുമായി 22 ഇനം തക്കാളികൾ മാത്രമാണ്. പടവലം, കയ്പ, മത്തങ്ങ, ബീൻസ്, പച്ചമുളക്, പീച്ചിങ്ങ, വെണ്ട, വഴുതന, കോളിഫ്ലവർ, കാബേജ്, ചീര, കാരറ്റ്, ഉരുളക്കിഴങ്ങ്, മുള്ളങ്കിക്കിഴങ്ങ് അങ്ങനെ നീണ്ടുപോകുന്നു മറ്റു പച്ചക്കറി വിഭവങ്ങൾ. സ്ട്രോബറി, ഷമാം തുടങ്ങിയ പഴവർഗങ്ങളും വിവിധ ഇലവർഗങ്ങളുമായി ചെറിയ മുറ്റത്ത് ഒരു മിനി സൂപ്പർമാർക്കറ്റ് തന്നെ നട്ടുപിടിപ്പിച്ചിരിക്കുന്നു.
കേക്ക് നിർമാണം, വിവിധ പാചക പരിപാടികൾ, മലബാർ അടുക്കള എന്നപേരിലെ പാചക ഗ്രൂപ്പിന്റെ അഡ്മിൻ, മലബാർ അടുക്കള മാഗസിൻ എഡിറ്റർ, പാചക മത്സരങ്ങളും ഫുഡ് ഫെസ്റ്റിവലുകളും തുടങ്ങി സ്റ്റേജ് ഷോകളും ക്ലാസുകളുമായി സജീവമാവുന്ന ഷെഡ്യൂളുകൾക്കിടയിൽ സമ്മർദങ്ങൾ ഇറക്കിവെക്കാൻ കൂടിയുള്ള വേദിയാണ് കൃഷിയും തോട്ടം പരിചരണവുമെന്ന് ഷഹാന സാക്ഷ്യപ്പെടുത്തുന്നു. എല്ലാത്തിനും കൂട്ടായി ഫാർമസിസ്റ്റ് കൂടിയായ ഭർത്താവ് അസീസ് പുറയിലും മക്കളായ ഇസ്സ സഫ്രീൻ, ഖലഫ് സമാൻ, മിഷാൽ റമദാൻ എന്നിവരുമുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പൊലീസ് ക്ലിനിക്കിൽ ഓഡിയോളജിസ്റ്റാണ് മലപ്പുറം അരീക്കോട് സ്വദേശിനിയായ ഹഫ്സ യൂനുസ്. 24 വർഷത്തോളമായി ഖത്തറിലുള്ള ഇവർ പത്തു വർഷം മുമ്പ് താമസ സ്ഥലത്ത് ആരംഭിച്ച കൃഷിയാണ് ഇന്ന് ഖത്തറിലെ പ്രശസ്തമായ ടെറസ് കൃഷിയായി മാറിയിരിക്കുന്നത്. ബിൻ ഉംറാനിലെ ഇരുനില വില്ലയുടെ ടെറസാണ് ഇവരുടെ കൃഷിയിടം. പച്ചക്കറികൾ, ഇലക്കറികൾ, വൈവിധ്യമാർന്ന പൂന്തോട്ടങ്ങൾ എന്നിങ്ങനെ സജീവമായി തുടരുന്ന കാർഷികവൃത്തി ഇവരുടെ ടെറസിൽ മാത്രം ഒതുങ്ങുന്നില്ല. ഖത്തറിലെ വിവിധ ഭാഗങ്ങളിൽ കൃഷി തൽപരരായ ഒരുപാട് വീട്ടമ്മമാരിലേക്ക് കൃഷി രീതികൾ പകർന്നും വിത്തുകളും വളങ്ങളും കൈമാറിയും പടർന്നുപന്തലിക്കുന്നുണ്ട്.
വിവിധ തക്കാളികൾക്ക് പുറമെ, ബീറ്റ്റൂട്ട്, കാബേജ്, പയറ്, അമര, കുമ്പള, മത്തൻ തുടങ്ങി പലവിധ കൂട്ടങ്ങളും ഇലക്കറികളും വ്യത്യസ്ത ചെടികളും പൂക്കളുമെല്ലാം ഈ മേൽക്കൂരയിൽ പല കാലങ്ങളിലായി സമൃദ്ധിയോടെതന്നെ പടരുന്നു. വിവാഹം കഴിഞ്ഞയുടൻ തന്നെ ഖത്തറിലെത്തിയതിനാൽ നാട്ടിൽ നിന്നും കാർഷിക പരിചയമൊന്നുമില്ലായിരുന്നു. എന്നാൽ, നല്ലൊരു കൃഷിപ്രേമിയായ പിതാവിന്റെയും മറ്റു ബന്ധുക്കളുടെയും ശീലം ഹഫ്സയിലും പകർന്നത് തിരിച്ചറിയപ്പെട്ടത് ഈ മരുഭൂമിയിലെത്തിയപ്പോഴെന്ന് മാത്രം. രാവിലെയും വൈകുന്നേരവുമായി മാറിമാറി വരുന്ന ഷിഫ്റ്റ് ജോലിക്കിടയിലും അവധി നൽകാതെ നൽകുന്ന പരിചരണം തന്നെയാണ് ഈ ടെറസ് കൃഷിയെ സമൃദ്ധമാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിൽതന്നെ ജോലിചെയ്യുന്ന ഭർത്താവ് യൂനുസും ഖത്തറിൽ ജോലിചെയ്യുന്ന മക്കളായ സഹല, ഫാത്തിമ, അലിഫ് മുഹമ്മദ് എന്നിവരുടെയും പിന്തുണ വേണ്ടുവോളമുണ്ട്.
ഫൈനൽ റൗണ്ടിൽ ഇടം നേടിയവർ
കാർഷികം: സിമി പോൾ, ഷഹന ഇല്യാസ്, അങ്കിത റായ് ചൗക്സി, ഹഫ്സ യൂനുസ്.
കല-സാഹിത്യം: സ്വപ്ന നമ്പൂതിരി, മല്ലിക ബാബു, ഷീല ടോമി
അധ്യാപനം: ഷീല ഫിലിപ്പോസ്, നബീസക്കുട്ടി അബ്ദുൽ കരീം, വർദ മാമുക്കോയ.
ആരോഗ്യം: റീന ഫിലിപ്, ഡോ. ബിന്ദു സലീം, ഷൈനി സന്തോഷ്.
സോഷ്യൽ-മീഡിയ ഇൻഫ്ലുവൻസർ: സ്മിത ദീപു, മഞ്ജു മൃത്യുഞ്ജയൻ, അൻഷു ജെയ്ൻ.
ഓൺലൈൻ വോട്ടിങ് ആരംഭിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.