ദോഹ: ഗസ്സയിലെ വെടിനിർത്തൽ ചർച്ചകളിൽ പ്രധാന പങ്കുവഹിച്ച ഖത്തറിലെ ഹമാസിന്റെ രാഷ്ട്രീയ കാര്യ ഓഫിസ് അടച്ചുപൂട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നിലവിൽ മധ്യസ്ഥ ചർച്ചകളൊന്നുമില്ലാത്തതിനാൽ, ദോഹയിലെ ഹമാസ് ഓഫിസ് ആ തരത്തിൽ പ്രവർത്തിക്കുന്നില്ലെന്നും, എന്നാൽ ഓഫിസ് അടച്ചുപൂട്ടിയിട്ടില്ലെന്നും ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി അറിയിച്ചു.
മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി പ്രവർത്തിച്ച ഹമാസ് നേതാക്കൾ നിലവിൽ ദോഹയിൽ ഇല്ലെന്നും അവർ പതിവായി വിവിധ രാജ്യങ്ങളിലേക്ക് നീങ്ങുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘‘ദോഹയിലെ ഹമാസ് രാഷ്ട്രീയ കാര്യ ഓഫിസ് ചർച്ചകൾക്കുള്ള കേന്ദ്രമെന്ന നിലയിൽ തുറന്നതാണ്. മധ്യസ്ഥ പ്രക്രിയ ഇല്ലെങ്കിൽ ഓഫിസിന്റെ ഒരു പ്രവർത്തനവും ഉണ്ടാകില്ല. ഓഫിസ് സംബന്ധമായ കാര്യങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾ വഴി അറിയിക്കും. ഊഹാപോഹങ്ങളുടെ ഭാഗമാകരുത്’’ -വാർത്തസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് ഉത്തരമായി വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ സംബന്ധിച്ച് നേരത്തേയും ഖത്തർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിലെ കക്ഷികളായ ഹമാസും ഇസ്രായേലും ആത്മാർഥമായി സന്നദ്ധത അറിയിച്ചാൽ മാത്രമേ ഇനി ചർച്ച തുടരൂ എന്നും, നിലവിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്നും 10 ദിവസം മുമ്പ് വാർത്തക്കുറിപ്പിലൂടെ വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ഭാവിയിലെ മധ്യസ്ഥ ദൗത്യങ്ങൾ ഇരു കക്ഷികളുടെയും സന്നദ്ധതയെ ആശ്രയിച്ചിരിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.