ദോഹ: മികച്ച ഡിജിറ്റൽ ട്രാൻസ്ഫോർമേഷനുള്ള ഖത്തറിലെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അവാർഡ് വെൽകിൻസ് മെഡിക്കൽ സെന്ററിന്. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകുന്ന ഖത്തറിലെ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ മന്ത്രാലയം നൽകി വരുന്ന ഖത്തർ ഡിജിറ്റൽ ബിസിനസ് അവാർഡിൽ (ക്യു.ഡി.ബി.എ) ‘ചെറുകിട ഇടത്തരം സംരംഭങ്ങളിലെ മികച്ച ഡിജിറ്റൽ ട്രാൻഫോർമേഷൻ‘ എന്ന വിഭാഗത്തിലെ പുരസ്കാരമാണ് വെൽകിൻസ് മെഡിക്കൽ സെന്റർ കരസ്ഥമാക്കിയത്.
ദോഹ റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കമ്യൂണിക്കേഷൻ, വിവര സാങ്കേതിക മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഇയിൽ നിന്നും വെൽകിൻസ് മെഡിക്കൽ സെന്റർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സമീർ മൂപ്പൻ, ഡയറക്ടർ ഖലീൽ മൻസൂർ അൽ ഷഹ്വാനി, ചീഫ് ഓപറേറ്റിങ് ഓഫിസർ നിഖിൽ ജോസഫ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
മന്ത്രാലയത്തിൽ നിന്നും ഇത്തരത്തിലൊരു പുരസ്കാരം ലഭിച്ചതിലും നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടുകൂടി പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യസംരക്ഷണം നൽകാൻ സാധിച്ചതിലും ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡോ. സമീർ മൂപ്പൻ പറഞ്ഞു. വെൽകിൻസ് മെഡിക്കൽ സെന്ററിന്റെ ഹെൽത്ത് ലോക്കറിലൂടെ ആളുകൾക്ക് വളരെ എളുപ്പത്തിൽ ലോകത്തിൽ എവിടെ നിന്നും തങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞൊടിയിടയിൽ അറിയാൻ സാധിക്കും. ഒപ്പം ഏറെ നൂതന സൗകര്യങ്ങളോടെ സ്വന്തമായി വികസിപ്പിച്ചെടുത്ത പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ സെന്ററിന്റെ ദിവസേനയുള്ള പ്രവർത്തനങ്ങൾ കുറഞ്ഞ ചെലവിൽ ഏറെ കാര്യക്ഷമമായി നടത്താനും സാധിച്ചു.
’വെൽബി’ എന്ന നിർമിതബുദ്ധി അധിഷ്ഠിത സേവനത്തിന്റെ സഹായത്തോടെ ആളുകൾക്ക് ഡോക്ടർ കൺസൾട്ടേഷൻ ബുക്കിങ്ങിൽ നിന്ന് തുടങ്ങി എളുപ്പത്തിൽ രജിസ്ട്രേഷൻ മുതൽ ആവശ്യമായ മരുന്ന് വീട്ടിലെത്തിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ ഈ സിസ്റ്റത്തിലൂടെ ഏറെ ലളിതമാക്കുന്നതായി വെൽകിൻസ് മെഡിക്കൽ സെന്റർ ചീഫ് ഓപറേറ്റിങ് ഓഫിസർ നിഖിൽ ജോസഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.