ആരാധകരെ സ്വാഗതം ചെയ്ത് ഖത്തർ; ഹയാ കാർഡ് ഉടമകൾക്ക് മൂന്നു പേരെ അതിഥികളാക്കാം

ദോഹ: ലോകകപ്പ് ഫുട്ബാൾ ആവേശത്തിലേക്ക് ലോകമെങ്ങുമുള്ള ആരാധകരെ സ്വാഗതം ചെയ്ത് ഖത്തർ. ഹായാ കാർഡ് (ഫാൻ ഐഡി) ഉള്ള ആരാധകർക്ക് സുഹൃത്തുക്കളും ബന്ധുക്കളുമായ മൂന്ന് പേരെ കൂടി ലോകകപ്പ് വേദികളിലേക്ക് അതിഥികളായി വരവേൽക്കാമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.

വൺ പ്ലസ് ത്രീ എന്ന ഫോർമേഷനിൽ ഒരു ഹയാ കാർഡ് ഉടമക്ക് മാച്ച് ടിക്കറ്റില്ലാത്ത മൂന്ന് പേരെ വരെ ലോകകപ്പ് വേളയിൽ ഖത്തറിലേക്ക് ക്ഷണിക്കാവുന്നതാണ്. ഇവർക്ക് കളി കാണാൻ മാച്ച് ടിക്കറ്റ് നിർബന്ധമാണ്. എന്നാൽ, ലോകകപ്പ് വേളയിൽ ഫാൻ സോൺ, വിനോദ പരിപാടികൾ ഉൾപ്പെടെ വിശ്വമേളയുടെ ആവേശം ഉൾകൊള്ളാനുള്ള അവസരമാണ് സംഘാടകർ ഒരുക്കുന്നത്.

നിശ്ചിത ഫീസടച്ചാണ് ഹയാ കാർഡിൽ അതിഥികളെ രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ, 12 വയസ്സിന് താഴെ പ്രായമുള്ളവരെ സൗജന്യമായി ഉൾപ്പെടുത്താം. നവംബർ 20 മുതൽ ഡിസംബർ ആറ് വരെ ഗ്രൂപ്പ് റൗണ്ടിലെ മത്സര കാലയളവിലായിരിക്കും പ്രവേശനം. ലോകകപ്പ് ഫുട്ബാളിനെ ഓരോ ആരാധകനും ഒരു കുടുംബ മേളകൂടിയാക്കി മാറ്റുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് സുപ്രീം കമ്മിറ്റി ജനറൽ ഡയറക്ടർ എഞ്ചി. യാസിർ അൽ ജമാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ലോകകപ്പ് വേളയിൽ ഹയാ കാർഡ് ഉടമകൾക്ക് മൾട്ടിപ്ൾ എൻട്രിയും അനുവദിക്കാൻ തീരുമാനമായി. ഇതുപ്രകാരം, നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെയുള്ള കാലയളവിൽ ഒന്നിലേറെ തവണ രാജ്യത്ത് പ്രവേശനം അനുവദിക്കും. ലോകകപ്പിന് ഇതുവരെ 24.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ജൂലൈ-ആഗസ്റ്റിൽ മാത്രം അഞ്ചു ലക്ഷം ടിക്കറ്റുൾ വിറ്റതായും അറിയിച്ചു.

എന്താണ് ഹയാ കാർഡ്?

ലോകകപ്പ് മത്സര ടിക്കറ്റുകൾ സ്വന്തമാക്കിയ ആരാധകർക്കുള്ള ഫാൻ ഐഡിയാണ് ഹയാ കാർഡ്. എല്ലാവർക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാണ്. വിദേശങ്ങളിൽനിന്നുള്ള കാണികൾക്ക് ലോകകപ്പ് വേളയിൽ രാജ്യത്തേക്കുള്ള പ്രവേശന പെർമിറ്റായും ഹയാ കാർഡ് മാറും.

മെട്രോ ട്രെയിൻ, ബസുകൾ എന്നീ പൊതു ഗതാഗത മാർഗങ്ങളിൽ ഇവർക്ക് സൗജന്യ യാത്രാ സൗകര്യവും, ഫാൻ സോണുകളിലേക്കുള്ള പ്രവേശനവുമെല്ലാം ഹയാ കാർഡ് വഴി ലഭിക്കും. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് hayya.qatar2022.qa എന്ന ലിങ്ക് വഴി ഹയാ കാർഡിന് അപേക്ഷിക്കാം.

ലോകകപ്പ് വേളയിൽ യു.എ.ഇ, സൗദി, ഒമാൻ, ജോർഡൻ തുടങ്ങിയ രാജ്യങ്ങൾ ഹയാ കാർഡ് ഉടമകൾക്ക് യാത്രാനുമതി നൽകാനും തീരുമാനമായിട്ടുണ്ട്.

Tags:    
News Summary - Haya card holders can invite up to three guests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.