ദോഹ: ആരാധകർക്ക് ഹയാ കാർഡ് സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി അധികൃതർ. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് (ഡി.ഇ.സി.സി) രണ്ടാമത്തെ സെന്റർ കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയത്.
വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ കേന്ദ്രം പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ഉച്ച രണ്ടു മുതൽ രാത്രി 10 വരെയാണ് പ്രവർത്തനം. അൽ സദ്ദിലെ അലി ബിൻ ഹമദ് അൽ അതിയ്യ അറീനക്ക് പുറമെയാണ് ഡി.ഇ.സി.സിയിലെ പുതിയ സെന്റർ ആരംഭിച്ചത്.
മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഹയാ കാർഡുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഇവിടെ ലഭ്യമാണ്. അന്വേഷണങ്ങൾ, കാർഡ് പ്രിന്റ് എടുക്കൽ എന്നിവ ലഭ്യമാവും. ലോകകപ്പ് കഴിഞ്ഞ് ഡിസംബർ 23 വരെ കേന്ദ്രങ്ങൾ പ്രവർത്തിക്കും.
ലോകകപ്പ് ടിക്കറ്റ് വാങ്ങിയ എല്ലാ ആരാധകർക്കും ഹയാ കാർഡ് നിർബന്ധമാണ്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിനും പൊതുഗതാഗത സംവിധാനങ്ങളിലെ സൗജന്യ യാത്രക്കും ആവശ്യമാവും. വിദേശത്തുനിന്നുള്ള കാണികൾക്ക് ഖത്തറിലേക്കുള്ള പ്രവേശന പെർമിറ്റ് കൂടിയാണ് ഹയാ. വിദേശ കാണികൾക്ക് വരും ദിവസങ്ങളിൽ ഇ-മെയിൽ വഴി എൻട്രി പെർമിറ്റ് ലഭ്യമായിത്തുടങ്ങുമെന്ന് സുപ്രീം കമ്മിറ്റിയുടെ ഹയാ ഓപറേഷൻസ് ഡയറക്ടർ സഈദ് അൽ കുവാരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
'ഹയാ ടു ഖത്തർ 2022' വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷനിലും ഹയാ ലഭ്യമാവും. അതേസമയം, ലോകകപ്പ് വേളയിലെ സേവനങ്ങൾക്ക് ഡിജിറ്റൽ ഹയാ കാർഡ് തന്നെ മതിയാവും. ആവശ്യമുള്ളവർക്ക് പ്രിന്റ് ലഭിക്കാനും സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.