സുരക്ഷിതരാവാൻ നിർദേശവുമായി ആരോഗ്യ വിദഗ്ധർ

ദോഹ: പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാസ്കണിഞ്ഞ് സുരക്ഷിതത്വം പാലിക്കാൻ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ആളുകൾ കൂടുന്ന പൊതു ഇടങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് അണിഞ്ഞ് മുൻകരുതൽ പാലിക്കണമെന്നാണ് നിർദേശം. പ്രതിദിന കോവിഡ് ശരാശരി ഉയർന്നുവരുന്ന സാഹചര്യത്തിൽ, വരും ആഴ്ചകളിലും രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായേക്കാമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമിക രോഗ വിഭാഗം മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി അൽ റയ്യാൻ ടി.വിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ലോകത്തെ വിവിധ രാജ്യങ്ങളിലായി കോവിഡ് കേസുകൾ വർധിക്കുന്നതിന്‍റെ ആനുപാതികമായാണ് ഖത്തറിലും കേസുകൾ കൂടുന്നത്. തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സമ്പർക്കത്തിലൂടെ പ്രതിദിനം ശരാശരി 599 പേരും വിദേശങ്ങളിൽ നിന്നെത്തുന്നവരിൽ 66 പേരും രോഗികളാവുന്നതായാണ് സൂചന. പെരുന്നാളും ഈദ് അവധിയുമായി രാജ്യം ആഘോഷങ്ങളിലേക്ക് നീങ്ങുകയും പൗരന്മാരും പ്രവാസികളും വിദേശയാത്രകൾ സജീവമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തിന് സാധ്യത കൂടുമെന്നും അധികൃതർ വ്യക്തമാക്കുന്നു. കോവിഡ് മുൻകരുതൽ സംബന്ധിച്ച് യാത്രക്കാർക്കും മറ്റും നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.

'ഈ ആഴ്ചകളിൽ, ഖത്തറും അതുപോലെ തന്നെ ലോകത്തിലെ പല രാജ്യങ്ങളും കോവിഡ് കേസുകളുടെ വർധന രേഖപ്പെടുത്തുന്നു. രാജ്യത്തേക്ക് മടങ്ങുന്ന പല യാത്രക്കാരും രോഗലക്ഷണങ്ങളൊന്നും കാണിക്കാതെ വൈറസ് വഹിക്കാനിടയുണ്ട്. വരും ആഴ്ചകളിൽ കോവിഡ് കേസുകൾ കാര്യമായ തോതിൽ തന്നെ വർധിക്കാനിടയുണ്ട്. നിയന്ത്രണങ്ങളിലെ ഇളവുകൾ രോഗവ്യാപനം കൂടുതലാവാനും ഇടയാക്കും' -ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.

അതേസമയം, എല്ലാവരും പ്രതിരോധ നടപടികൾ പാലിച്ചാൽ അടച്ചുപൂട്ടലുകളിലേക്കും വർക്ക് ഫ്രം ഹോം സംവിധാനങ്ങളിലേക്കും തിരിച്ചുപോകാതെ തന്നെ ഈ സാഹചര്യവും മറികടക്കാൻ കഴിയും.ആൾ കൂട്ടങ്ങളിലും, അടച്ചിട്ട പൊതു സ്ഥലങ്ങളിലും മാസ്ക് അണിഞ്ഞ് സുരക്ഷിതരാകാവുന്നതാണ്. 

പള്ളികളിലും മാസ്ക് നിർബന്ധം

ദോഹ: വ്യാഴാഴ്ച മുതൽ പള്ളികളിലും മാസ്ക് നിർബന്ധമായിരിക്കുമെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം -ഔഖാഫ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട പൊതുഇടങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കിയതിനാലാണ് പള്ളികളിലും നിയന്ത്രണം പുനഃസ്ഥാപിച്ചത്.

Tags:    
News Summary - Health experts advise to stay safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.