ദോഹ: ഗസ്സയിൽ നിന്ന് ദോഹയിലെത്തിയ ഫലസ്തീനികൾക്കായി റമദാൻ വിഭവ സമാഹരണ കാമ്പയിനുമായി ഖത്തർ ഫൗണ്ടേഷൻ. വിശുദ്ധ മാസത്തിൽ കാമ്പയിന്റെ ഭാഗമാകണമെന്ന് ഖത്തർ ഫൗണ്ടേഷൻ പ്രാദേശിക സമൂഹത്തോട് അഭ്യർഥിച്ചു. എജുക്കേഷൻ സിറ്റിയിലെ വിദ്യാർഥി കേന്ദ്രമായ മുൽതഖയിലെ ബ്ലാക്ക് ബോക്സ് തിയറ്ററിലാണ് തുണിത്തരങ്ങളും പാദരക്ഷകളും മറ്റു വസ്തുക്കളും സമാഹരിക്കുന്നത്. ചൊവ്വാഴ്ച ആരംഭിച്ച കാമ്പയിന്റെ ഭാഗമായി എല്ലാ തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി രാത്രി 8.00 മുതൽ 11.00 വരെയാണ് സംഭാവനകൾ സ്വീകരിക്കുകയെന്ന് ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു.
സംഭാവന നൽകുന്ന എല്ലാ ഇനങ്ങളും പുതിയതായിരിക്കണം. സമാഹരിക്കുന്ന വസ്തുക്കളുടെ പട്ടികയിൽ എല്ലാ പ്രായത്തിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള തുണിത്തരങ്ങളും പാദരക്ഷകളും ഉൾപ്പെടുന്നു. മുസല്ലകൾ, സ്കൂളിലേക്കാവശ്യമായ വസ്തുക്കൾ, എല്ലാ പ്രായക്കാർക്കുമുള്ള അറബി പാഠപുസ്തകങ്ങൾ, കല, കരകൗശല വസ്തുക്കൾ, ബൈക്കുകൾ, സ്കൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയും പട്ടികയിലുണ്ട്. 3000 അനാഥരെ സ്പോൺസർ ചെയ്യാനുള്ള അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് കുടിയൊഴിപ്പിക്കപ്പെട്ടവരെ ഗസ്സയിൽനിന്ന് ഖത്തറിലെത്തിച്ചത്. കൂടാതെ പരിക്കേറ്റ 1500 ഫലസ്തീനികൾക്ക് ചികിത്സ നൽകാനും ഖത്തർ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.