ദോഹ: നൂറ്റാണ്ടുകൾ പഴക്കമുള്ള കൈയെഴുത്ത് പ്രതികളും ചരിത്ര പൈതൃകങ്ങളും പുതുതലമുറയിലെ കാഴ്ചക്കാരിലേക്ക് എത്തിക്കുന്ന ഖത്തർ നാഷനൽ ലൈബ്രറിയുടെ ശേഖരം ശ്രദ്ധേയമാവുന്നു. 3500ലധികം ഇസ്ലാമിക കൈയെഴുത്ത് പ്രതികളും അഞ്ഞൂറോളം കാലിഗ്രഫിക് പാനലുകളും പുരാവസ്തുക്കളുമുള്ള ലൈബ്രറി പൈതൃകശേഖരം മേഖലയിലെ പൊതുജനങ്ങൾക്കും ഗവേഷകർക്കും ഏറെ ആകർഷകമായി മാറുന്നു. സവിശേഷവും സമഗ്രവുമായ ഉള്ളടക്കത്താൽ ശ്രദ്ധേയമായ ഈവിഭാഗം ഖത്തർ നാഷനൽ ലൈബ്രറിയുടെ പിന്തുണയിലാണ് ഏറെ ജനപ്രിയമായതെന്ന് അപൂർവശേഖരങ്ങളുടെ ചുമതലവഹിക്കുന്ന സ്റ്റെഫാൻ ജെ. ഇപ്പർട്ട് പറഞ്ഞു.
പ്രവർത്തനമാരംഭിച്ചത് മുതൽ ക്യൂ.എൻ.എല്ലിലെ പൈതൃക ലൈബ്രറി വളർച്ചയുടെ പാതയിലാണെന്നും ഖത്തറിന്റെയും മേഖലയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന വൈവിധ്യമാർന്ന വസ്തുക്കൾ ശേഖരത്തിൽ ഉൾപ്പെടുത്തുന്നതിനായി വിപുലീകരിക്കുകയാണെന്നും സ്റ്റെഫാൻ ജെ. ഇപ്പർട്ട് കൂട്ടിച്ചേർത്തു.
ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള ഏഴാം നൂറ്റാണ്ട് മുതൽ 10ാം നൂറ്റാണ്ട് വരെയുള്ള വിശുദ്ധ ഖുർആന്റെ ആദ്യകാല പകർപ്പുകളിൽ നിന്നുള്ള നൂറോളം താളുകൾ ഇവിടെയുണ്ട്. ഗവേഷകർക്കും പണ്ഡിതർക്കും വിലപ്പെട്ട വിഭവങ്ങൾ പ്രദാനം ചെയ്യുന്ന ഓട്ടോഗ്രാഫുകൾ ഉൾപ്പെടെ ഇസ്ലാമിക ശാസ്ത്രത്തെക്കുറിച്ച കൈയെഴുത്ത് പ്രതികളുടെ ഗണ്യമായ ശേഖരവും ഇവിടെയുണ്ട്.
2022ൽ ഒരു അപൂർവ ചൈനീസ് ഖുർആൻ കൈയെഴുത്ത് പ്രതി ഉൾപ്പെടെ 18ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 19ാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള 40ഓളം അപൂർവ വസ്തുക്കളാണ് ലൈബ്രറിയിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തരി കുടുംബങ്ങളിൽനിന്നുള്ള അമൂല്യമായ സംഭാവനകളും ലൈബ്രറിയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. വ്യക്തിപരമായ കത്തിടപാടുകൾ, വിവാഹ-മരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ, വ്യാപാര കരാറുകൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. ഖത്തർ സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനിയുടെ ഏതാനും വസ്തുക്കളും ഇവിടെയുണ്ട്- അദ്ദേഹം വിശദീകരിച്ചു.
ബ്രിട്ടീഷ് ലൈബ്രറിയുമായുള്ള സഹകരണം ലൈബ്രറിയുടെ ഡിജിറ്റൽ ശേഖരം വിപുലീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി പറഞ്ഞു. പൈതൃക ലൈബ്രറിയിലെ ശേഖരം പൊതുജനങ്ങൾക്കിടയിൽ ഏറെ ജനപ്രിയമായിരിക്കുകയാണ് -ഇപ്പെർട്ട് ആവർത്തിച്ചു.
ഖത്തർ നാഷനൽ ലൈബ്രറി, അതിന്റെ കൈയെഴുത്ത് പ്രതികളുടെ ശേഖരം ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും നാല് വർഷം പിന്നിടുമ്പോൾ ഡിജിറ്റൈസ് ചെയ്ത എല്ലാ രേഖകളും ക്യൂ.എൻ.എല്ലിന്റെ ഡിജിറ്റൽ ശേഖരണത്തിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.