ദോഹ: ഖത്തർ-സൗദി അതിർത്തിയായ അബൂ സംറ പോർട്ട് സ്ഥിരം സമിതിയുമായി ഏകോപിപ്പിച്ച്, വിനോദസഞ്ചാര വാഹനങ്ങൾ പരിശോധിക്കുന്നതിന് ഖത്തർ കസ്റ്റംസ് ജനറൽ അതോറിറ്റി (ജി.എ.സി) പുതിയ ഉപകരണങ്ങൾ പുറത്തിറക്കി. വാഹനങ്ങളിൽ നിരോധിത-നിയമവിരുദ്ധ വസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു വാഹനത്തിന് ഏകദേശം രണ്ടു മിനിറ്റ് എന്നനിലയിൽ മണിക്കൂറിൽ 130 കാറുകൾ പരിശോധിക്കാൻ കഴിയുംവിധമാണ് പുതിയ ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നതെന്ന് കസ്റ്റംസ് അതോറിറ്റി പ്രസ്താവിച്ചു. ഖത്തറിലേക്ക് നിരോധിത, അപകടകരമായ വസ്തുക്കൾ കടത്തുന്നത് തടയുന്നതിന് നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ഉപകരണം വികസിപ്പിച്ചതെന്നും അതോറിറ്റി വ്യക്തമാക്കി.ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗപ്പെടുത്തി പരിശോധന പ്രക്രിയ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനും അതിർത്തി ക്രോസിങ്ങുകളിൽ സുരക്ഷ നടപടികൾ കർശനമാക്കുന്നതിനും അതോറിറ്റി നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും ജി.എ.സി ചെയർമാൻ അഹ്മദ് ബിൻ അബ്ദുല്ല അൽ ജമാൽ പറഞ്ഞു. ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ടെന്നും അൽജമാൽ കൂട്ടിച്ചേർത്തു.
ട്രക് പരിശോധന പ്ലാറ്റ്ഫോമുകൾ നവീകരിക്കുന്നതിനും ഇൻഷുറൻസ് കമ്പനി ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുറമേ, ടൂറിസ്റ്റ് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അതിർത്തി ക്രോസിങ് ഏരിയ നൽകി ഈയിടെ ജി.എ.സി കസ്റ്റംസ് സൗകര്യങ്ങൾ വർധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.