അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അൽ സീസിക്കൊപ്പം 

ഈജിപ്തിൽ അമീറിന്‍റെ ചരിത്ര സന്ദർശനം

ദോഹ: നീണ്ട ഇടവേളക്കുശേഷം സൗഹൃദം ഊഷ്മളമാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഈജിപ്ത് സന്ദർശനം. വെള്ളിയാഴ്ച രാത്രിയോടെ കൈറോയിലെത്തിയ അമീർ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയോടെ അൽജീരിയയിലേക്ക് യാത്ര തിരിച്ചു. ഗൾഫ് ഉപരോധത്തിനുശേഷം അമീറിന്‍റെ ആദ്യ ഈജിപ്ത് സന്ദർശനമായിരുന്നു ഇത്. റുവാണ്ടയിൽ നടന്ന കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിയിൽ പങ്കെടുത്താണ് അമീർ കൈറോയിലെത്തിയത്.

ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അൽ സീസി അമീറിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. 2017ൽ ഖത്തറിനെതിരെ ഈജിപ്ത് ഉൾപ്പെടെയുള്ള മേഖലയിലെ നാലു രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തിനുശേഷം, ആദ്യമായാണ് ഖത്തർ അമീർ കൈറോയിലെത്തുന്നത്.

2021 ജനുവരിയിൽ ഉപരോധം അവസാനിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ വിദേശകര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെ ഈജിപ്ത് സന്ദർശനത്തിനു പിന്നാലെ, 500 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് ഖത്തർ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ നവംബറിൽ ഗ്ലാസ്ഗോ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിനിടയിലും ഫെബ്രുവരിയിൽ ചൈനയിൽ നടന്ന ശീതകാല ഒളിമ്പിക്സ് വേദിയിലും ഖത്തർ അമീറും ഈജിപ്ത് പ്രസിഡന്‍റും തമ്മിൽ ചർച്ച നടത്തി സൗഹൃദബന്ധം ഊഷ്മളമാക്കി.

കൈറോയിലെ അൽ ഇത്തിഹാദിയ പ്രസിഡന്‍ഷ്യൽ പാലസിൽ അമീറിന് രാജകീയ സ്വീകരണമാണ് ഈജിപ്ത് ഒരുക്കിയത്. പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അൽ സീസി അമീറിനെ വരവേറ്റു. കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ഇരു രാഷ്ട്രത്തലവൻമാരും ചർച്ച ചെയ്തു. 

Tags:    
News Summary - Historical visit of the Emir to Egypt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.