ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ ഡെർമറ്റോളജി ആൻഡ് വെനറോളജി വിഭാഗത്തിലെ റെസിഡൻസി പരിശീലനപരിപാടിക്ക് അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷന്റെ (എ.സി.ജി.എം.ഇ) അന്തർദേശീയ അംഗീകാരം ലഭിച്ചു. ഇതാദ്യമായാണ് എച്ച്.എം.സി ഡെർമറ്റോളജി ആൻഡ് വെനറോളജി പ്രോഗ്രാമിന് എം.സി.ജി.എം.ഇയിൽനിന്നുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആശുപത്രികൾക്കും മെഡിക്കൽ സെന്ററുകൾക്കും അവരുടെ റെസിഡൻസിയിലും ഫെലോഷിപ് വർഷങ്ങളിലും ഉന്നത നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുന്ന അംഗീകാരമാണിത്. എം.സി.ജി.എം.ഇ-ഐ അന്താരാഷ്ട്ര ആശുപത്രികൾക്കും മെഡിക്കൽ സെന്ററുകൾക്കും ഒരേ കർശനമായ മാനദണ്ഡങ്ങളാണ് അംഗീകാരത്തിനായി മുന്നോട്ടുവെക്കുന്നത്. ഡെർമറ്റോളജി, വെനറോളജി വിഭാഗത്തിലെ എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് അഭിമാനകരായ അംഗീകാരമെന്നും ഫിസിഷ്യൻസ് സ്പെഷാലിറ്റി പ്രോഗ്രാമിനായുള്ള ഏറ്റവും ഉന്നതവും കഠിനവുമായ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതാണ് ഞങ്ങളുടെ റെസിഡൻസി പ്രോഗ്രാമെന്നും ഡെർമറ്റോളജി, വെനറോളജി വിഭാഗം ചെയർമാനും റെസിഡൻസി പ്രോഗ്രാം തലവനുമായ പ്രഫ. മാർട്ടിൻ സ്റ്റെയിൻഹോഫ് പറഞ്ഞു.
2012ൽ എം.സി.ജി.എം.ഇ ഇന്റർനാഷനലിന്റെ സ്ഥാപനപരമായ അംഗീകാരം നേടുന്ന മേഖലയിലെ പ്രഥമ ആരോഗ്യസ്ഥാപനമായി ഹമദ് മെഡിക്കൽ കോർപറേഷൻ മാറിയിരുന്നു. അമേരിക്കക്ക് പുറത്ത് ഈ അംഗീകാരം നേടുന്ന രണ്ടാമത്തെ രാജ്യമാകാനും ഖത്തറിന് സാധിച്ചു. ഇതുവരെയായി എച്ച്.എം.സിയുടെ 19 മെഡിക്കൽ റെസിഡൻസി പരിശീലന പരിപാടികളും 11 ഫെലോഷിപ്പുകളും എം.സി.ജി.എം.ഇ-ഐ അംഗീകാരം നേടിയിട്ടുണ്ട്.
എം.സി.ജി.എം.ഇ-ഐയുടെ ദീർഘകാല ചരിത്രത്തിൽ എച്ച്.എം.സിക്ക് അഭിമാനമുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസറും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.