ദോഹ: അത്യാഹിതമല്ലാത്ത ആരോഗ്യപ്രശ്നങ്ങളിൽ 999ലേക്ക് ആംബുലൻസ് സേവനത്തിന് വിളിക്കുന്നത് ഒഴിവാക്കാൻ പ്രത്യേക കാമ്പയിനുമായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി). 'സേവ് ദി ആംബുലൻസ് സർവിസ് ഫോർ മെഡിക്കൽ എമർജൻസീസ്' എന്ന തലക്കെട്ടിലാണ് എച്ച്.എം.സി പുതിയ ദേശീയ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചത്.
ജീവൻ അപകടത്തിലാക്കുന്ന പരിക്കോ രോഗമോ അനുഭവിക്കുന്ന ആളുകൾക്ക് ദ്രുതഗതിയിൽ വൈദ്യസഹായം നൽകുകയും അനുയോജ്യമായ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് രോഗിയെ മാറ്റുകയുമാണ് ആംബുലൻസ് സേവനങ്ങളുടെ ദൗത്യമെന്ന് ആംബുലൻസ് സർവിസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീശ് പറഞ്ഞു.
പക്ഷാഘാതം, ഹൃദയാഘാതം അല്ലെങ്കിൽ റോഡപകടം എന്നിവയുടെ ഇരകളായവർക്ക് ജീവൻരക്ഷ വൈദ്യസഹായമെത്തിക്കുന്നതിൽ ഓരോ ദിവസവും ആംബുലൻസ് സേവനം വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം അടിയന്തര കേസുകളിൽ കഴിയുന്നത്ര വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനും ആവശ്യമായ വൈദ്യസഹായമെത്തിക്കാനും ഞങ്ങളുടെ സംഘത്തെ പ്രാപ്തമാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അടിയന്തരമല്ലാത്ത മെഡിക്കൽ കേസുകളിൽ 999 നമ്പറിൽ വിളിച്ച് ആംബുലൻസ് സേവനത്തിനായി അഭ്യർഥിക്കുന്നതിന് പകരം ചികിത്സക്കായി സ്വന്തം മാർഗങ്ങളുപയോഗിച്ചുതന്നെ ഏറ്റവും അനുയോജ്യമായ ആരോഗ്യ കേന്ദ്രങ്ങളിലെത്തുകയാണ് വേണ്ടതെന്നും അലി ദർവീശ് പൊതുജനങ്ങളോടാവശ്യപ്പെട്ടു.
ജീവൻ അപകടത്തിലാക്കുന്ന ആരോഗ്യപ്രശ്നങ്ങളുള്ളവരും പരിക്കേറ്റവരും 999 നമ്പറിൽ വിളിച്ച് ആംബുലൻസ് സേവനം ആവശ്യപ്പെടാൻ മടിക്കേണ്ടതില്ലെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരിൽനിന്നുള്ള ആംബുലൻസ് കോളുകളുടെ എണ്ണം കുറക്കാനുദ്ദേശിച്ചല്ല കാമ്പയിനെന്നും അദ്ദേഹം അറിയിച്ചു.
ജീവൻ അപകടത്തിലാക്കുന്ന ആരോഗ്യ പ്രശ്നങ്ങളുള്ള ആർക്കും സേവനം ലഭ്യമാക്കാൻ ആംബുലൻസ് സർവിസ് ടീമുകൾ സജ്ജമായിരിക്കും.രാജ്യത്തുടനീളം 75 ഡിസ്പാച്ച് പോയൻറുകളും അതിനൂതനമായ ആംബുലൻസ് വാഹന നിരയുമാണുള്ളത്.ആംബുലൻസ് സേവനം വേഗത്തിലാക്കുന്നതിൽ മികച്ച ട്രാക് റെക്കോഡും എച്ച്.എം.സി ആംബുലൻസ് സേവനത്തിനുണ്ട് - അലി ദർവീശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.