അൽ ഖോർ പാർക്കിൽ എത്തിയ സന്ദർശകർ 

അവധി ആഘോഷമാക്കി; ബീച്ചിലും പാർക്കിലും തിരക്ക്​

ദോഹ: കോവിഡി​‍െൻറ ദുരിതകാലത്തിൽനിന്ന്​ അൽപം ആശ്വാസം ലഭിച്ചപോലെയാണ്​ കുടുംബങ്ങൾ. ഇൗ പെരുന്നാൾ കാലം അവർ നന്നായി ആസ്വദിച്ചു. ചൊവ്വാഴ്​ച ബലി പെരുന്നാൾ കഴിഞ്ഞതിനു പിന്നാലെ, ഖത്തറിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ വലിയ തിരക്കായിരുന്നു. പാർക്കുകൾ, ബീച്ചുകൾ, ​മാളുകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും സഞ്ചാരികൾ ഒഴുകിയെത്തി.

16 വയസ്സിന്​ മുകളിലുള്ളവരിൽ 65 ശതമാനത്തിലേറെ​ പേർ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചതും, കോവിഡ്​ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ പ്രാബല്യത്തിൽ വന്നതും ആ​ളുകൾ ആഘോഷമാക്കി. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവർ കുടുംബസമേതമായിരുന്നു ഇറങ്ങിയത്​. മാളുകളിലും മറ്റും തൊഴിലാളികളുടെയും വലിയ തിരക്ക്​ അനുഭവപ്പെട്ടു. കഴിഞ്ഞയാഴ്​ച ആരംഭിച്ച ഈദ്​ അവധി ഞായറാഴ്​ച അവസാനിക്കും.

സ്വാഗതം ചെയ്​ത്​ കതാറ

ബലി പെരുന്നാൾ അവധി തുടരവെ ആഘോഷത്തിമിർപ്പിൽ മുങ്ങി കതാറ സാംസ്​കാരിക ഗ്രാമം. കടുത്ത ചൂടിനെ പോലും വക വെക്കാതെയാണ് കുടുംബങ്ങളും കുട്ടികളുമായി നിരവധി പേർ പെരുന്നാൾ ആഘോഷിക്കാനായി കതാറയിലെത്തിയത്. കുടുംബങ്ങൾക്കായി നിരവധി ഓഫറുകളാണ്​ കതാറയിൽ പ്രഖ്യാപിച്ചത്​. ബീച്ചുകളിലെ ഗെയിംസ്​, ബോട്ട് റൈഡുകൾ, നീന്തൽ തുടങ്ങിയവയാണ് ഏറെ പേരെയും ആകർഷിച്ചത്. കുടുംബങ്ങൾക്കായി പ്രത്യേക മേഖല തന്നെ കതാറയിൽ സജ്ജമാക്കിയിരുന്നു. കൂടാതെ വിവിധ മത്സരങ്ങളും വിജയികൾക്ക് സമ്മാനങ്ങളും കതാറ അധികൃതർ തയാറാക്കി. വിശേഷ ദിവസങ്ങളിൽ സന്ദർശകർക്ക് പ്രായഭേദമന്യേ വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്നും കുട്ടികൾക്കായി നിരവധി സൗജന്യ ഗെയിമുകൾ തയാറാക്കിയതായും കതാറ പബ്ലിക് റിലേഷൻസ്​ മേധാവി സാലിം അൽ മർരി പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാത്തതും നിയന്ത്രണങ്ങൾ തുടരുന്നതിനാലും സുരക്ഷ മുൻകരുതലുകൾ പാലിച്ചാണ് ആഘോഷ പരിപാടികളെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പെരുന്നാളിെൻറ ആദ്യ ദിനം മുതൽ തന്നെ സന്ദർശകർ നിരവധി പേർ കതാറയിലെത്തിയെന്ന് പറഞ്ഞ അദ്ദേഹം, ന്യായമായ നിരക്കിൽ നിരവധി ജല കായിക ഇനങ്ങൾ കതാറയിലുണ്ടെന്നും കുട്ടികൾക്കായുള്ള സൗജന്യ ഗെയിമുകളും ഇവിടെയുണ്ടെന്നും ചൂണ്ടിക്കാട്ടി. പെരുന്നാളിെൻറ ആദ്യദിനത്തിൽ വെടിക്കെട്ട് പ്രയോഗവും കതാറയിലുണ്ടായിരുന്നു.

ആദ്യ മൂന്ന് ദിവസങ്ങളിൽ രക്ഷിതാക്കൾ അയച്ചു നൽകിയ കുട്ടികളുടെ പെരുന്നാൾ ഫോട്ടോയിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി. വൈകീട്ട്​ മൂന്ന്​ മുതൽ സൂര്യാസ്​തമയം വരെ കടലിൽ ഇറങ്ങാൻ അനുമതിയുണ്ട്​.

കുടുംബ സന്ദർശന കേന്ദ്രമായി അൽ​ ഖോർ പാർക്ക്​

പെരുന്നാളിന്​ സന്ദർശകർ ഒഴുകിയെത്തിയ മറ്റൊരു കേന്ദ്രമാണ്​ അൽ​ ഖോർ പാർക്ക്​. കുടുംബ സന്ദർശകരുടെ കേന്ദ്രമായ ഇവിടെ ആദ്യ രണ്ടു ദിനത്തിൽ 2300 ഓളം പേർ എത്തി. ​ഈദി​‍െൻറ ആദ്യ ദിനത്തിൽ 700ഉം, രണ്ടാം ദിനത്തിൽ 1600 സന്ദർശകരാണ്​ ഇവിടെയെത്തിയത്​. വ്യാഴം,വെള്ളി ദിവസങ്ങളിലും അഭൂതപൂർവമായ തിരക്ക്​ അനുഭവപ്പെട്ടതായി സൂപ്പർവൈസർ അലി മജിദ്​ അൽ ഷഹ്​വാനിയെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. കോവിഡ്​ മുൻകരുതലുകൾ പാലിച്ചു തന്നെയാണ്​ സന്ദർശകരെ കടത്തിവിട്ടതെന്നും, സാമൂഹിക അകലം പാലിക്കാനും മാസ്​ക്കുകൾ അണിയാനും നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. ഇഹ്​തിറാസിൽ ഗ്രീൻ സ്​റ്റാറ്റസ്​ ഉള്ളവരെ മാത്രമാണ്​ കടത്തിവിട്ടത്​. രാവിലെ എട്ട്​ മുതൽ രാത്രി 10 വരെയാണ്​ പാർക്കിലെ പ്രവർത്തന സമയം.

2020 ജനുവരിയോടെ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത്​ തുടങ്ങിയതിനു ശേഷം പാർക്കുകളിൽ ഏറ്റവും ഏറെ തിരക്ക്​ അനുഭവപ്പെടുന്ന സമയമാണിത്​.

ടിക്കറ്റ്​ കൗണ്ടറുകളിലെ തിരക്ക്​ കുറക്കുന്നതി​‍െൻറ ഭാഗമായി ഓൺലൈൻ വഴി നേരത്തെ ബുക്ക്​ ചെയ്യാനുള്ള സംവിധാനം ഉടൻ നടപ്പാവുമെന്ന്​ അധികൃതർ അറിയിച്ചു. ഓൺലൈനിൽ റിസർവ്​ ചെയ്യു​േമ്പാൾ ലഭിക്കുന്ന ടിക്കറ്റുമായി​ ക്യൂ.ആർ കോഡ്​ സ്​കാനർ പരിശോധനയിലൂടെ പാർക്കിൽ പ്രവേശിക്കാൻ കഴിയും.

ജല വിനോദം സജീവമായി

കതാറക്കു പുറമെ, ലുസൈൽ, ഫുവാരിതി ബീച്ച്​, അൽ താകിറ, അൽ ദഖീറ തുടങ്ങിയ കേന്ദ്രങ്ങളിൽ ജല വിനോദങ്ങളിലായിരുന്നു സഞ്ചാരികൾക്ക്​ താൽപര്യം. പട്ടം പറത്തൽ, പാരാ സെയ്​ലിങ്​, വേക്​ബോർഡിങ്​, കയാകിങ്​, സെയ്​ലിങ്, ഡൈവിങ്​ തുടങ്ങിയ വിനോദങ്ങൾ കൊണ്ട്​ സജീവമായി. സ്വദേശികളും, വിദേശികളും ജലവിനോദങ്ങളിൽ ഏ​െറ താൽപര്യം പ്രകടിപ്പിച്ചതായി ടൂറിസം പ്രമോഷൻ ഏജൻസി പ്രതിനിധി പറഞ്ഞു. 

Tags:    
News Summary - Holiday celebrated; Busy on the beach and in the park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.