ദോഹ: സ്റ്റോക്ഹോമിലെ തുർക്കിയ എംബസിക്ക് മുന്നിൽ വിശുദ്ധ ഖുർആന്റെ പകർപ്പ് കത്തിക്കാൻ അനുമതി നൽകിയ സ്വീഡിഷ് അധികൃതരുടെ നടപടിയെ ഖത്തർ അപലപിച്ചു. ലോകത്തിലെ 200 കോടിയിലധികം വരുന്ന മുസ്ലിം മതവിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതും പ്രകോപനപരവും നിന്ദ്യവുമായ പ്രവൃത്തിയാണിതെന്നും പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിശ്വാസം, വംശം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിദ്വേഷ പ്രസംഗങ്ങളും ഖത്തർ പൂർണമായും നിരാകരിക്കുന്നു. ലോകത്ത് ഇസ്ലാമിനെതിരായ വിദ്വേഷപ്രചാരണങ്ങളും മുസ്ലിംകളെ ആവർത്തിച്ച് ലക്ഷ്യമിടുന്നതിനുള്ള ആസൂത്രിതമായ ആഹ്വാനങ്ങളുടെ തുടർച്ചകളും അപകടകരമായി വർധിച്ചുവരുന്നതായി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ, വിദ്വേഷം, വിവേചനം, അക്രമം എന്നിവയെ തള്ളിക്കളയാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആഹ്വാനം ചെയ്തു. ഒപ്പം, സംഭാഷണത്തിന്റെയും പരസ്പര ധാരണയുടെയും തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം പ്രസ്താവനയിൽ ഉയർത്തിക്കാട്ടി. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾക്ക് രാജ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും.
ചർച്ചയിലൂടെയും ധാരണകളിലൂടെയും ലോകത്ത് സമാധാനത്തിന്റെയും സുരക്ഷയുടെയും തത്ത്വങ്ങൾ സ്ഥാപിക്കാനുള്ള ഖത്തറിന്റെ താൽപര്യവും മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.