ദോഹ: സ്ത്രീകളിലും കുടുംബങ്ങളിലും സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച വീട്ടു സംരംഭത്തിൽ (ഹോം ബിസിനസ്) ശിൽപശാലയുമായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. സാമൂഹിക വികസന കേന്ദ്രമായ ‘നാമ’യുമായി സഹകരിച്ചാണ് മന്ത്രാലയം ഹോം ബിസിനസ് ലൈസൻസ് നേടുന്നതിലും, പ്രവർത്തനം മുന്നോട്ട് പോകുന്നതിലും ഊന്നിക്കൊണ്ട് പ്രത്യേക ശിൽപശാല സംഘടിപ്പിച്ചത്.
എങ്ങനെ ചെറുകിട, ഇടത്തരം സംരംഭങ്ങൾ സ്ഥാപിക്കാം, ഹോം ബിസിനസ് ലൈസൻസ് നേടാനുള്ള പ്രക്രിയകൾ തുടങ്ങിയവയിൽ വിവിധ മേഖലകളിലുള്ളവർക്ക് പരിശീലനം നൽകി. ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രധാന ലക്ഷ്യമായ സാമ്പത്തിക വൈവിധ്യവത്കരണത്തിൽ ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് ഹോം ബിസിനസ് സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്നത്.
ശിൽപശാലയിൽ ഹോം ബിസിനസ് സ്ഥാപിക്കാൻ ആവശ്യമായ നടപടികളെ സംബന്ധിച്ച് അധികൃതർ വിശദീകരിച്ചു. സ്വയം സംരംഭത്തിന്റെ നേട്ടങ്ങൾ, വെല്ലുവിളികൾ, എങ്ങനെ സംരംഭം വികസിപ്പിച്ച് ബിസിനസ് പിടിക്കാം എന്നതിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. നിയമവശങ്ങൾ, അപേക്ഷ നടപടികൾ, ഏതെല്ലാം സംരംഭങ്ങൾ ഹോം ബിസിനസിനു കീഴിൽ അനുവദിക്കും തുടങ്ങിയവ സംബന്ധിച്ച് വിശീദകരിച്ചു.
നിലവിൽ വിവിധ മേഖലകളിലായി 63 വിഭാഗം ഹോം ബിസിനസുകളാണ് വാണിജ്യ മന്ത്രാലയം അനുവദിച്ചത്. നേരത്തേ 15 ഇനങ്ങളായിരുന്നുവെങ്കിൽ കഴിഞ്ഞ മാസമായിരുന്നു 48 വിഭാഗങ്ങളെകൂടി ഉൾപ്പെടുത്തി 63 ആക്കി വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.