ദോഹ: പ്രൈമറി ഹെൽത്ത് കോർപറേഷന് (പി.എച്ച്.സി.സി) കീഴിൽ രാജ്യത്ത് പുതിയ നാല് ഹെൽത്ത് സെൻററുകൾ കൂടി സ്ഥാപിക്കുന്നു. നിർമാണമടക്കമുള്ള കാര്യങ്ങളിൽ പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ താൽപര്യപത്രം ക്ഷണിച്ചു. മദീന ഖലീഫ ഹെൽത്ത് സെൻറർ, ഉം ഗുവൈലിന ഹെൽത്ത് സെൻറർ, നുഐജ ഹെൽത്ത് സെൻറർ, അൽ തിമൈദ് ഹെൽത്ത് സെൻറർ എന്നിങ്ങനെയാണ് നാല് പുതിയ ആശുപത്രികൾ. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് പുതിയ ഹെൽത്ത് സെൻററുകളുടെ നിർമാണം. പി.എച്ച്.സി.സിയുടെ ഭാഗമായി രൂപരേഖ, നിർമാണം, സാമ്പത്തികം, പ്രവർത്തനം, അറ്റകുറ്റപ്പണി, കൈമാറ്റം (ഡി.ബി.എഫ്.ഒ.എം.ടി) എന്നീ അടിസ്ഥാനത്തിൽ നിർമിക്കാനുള്ള അവസരമാണ് നിക്ഷേപകർക്ക് ലഭിച്ചിട്ടുള്ളത്. രാജ്യത്തുടനീളമുള്ള ഹെൽത്ത് സെൻററുകളുടെ കവറേജും നിലവാരവും ക്ഷമതവും ഉയർത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതിയുടെ ഭാഗമാണിത്. 2024 ആദ്യപാദത്തിൽ നാല് പുതിയ ഹെൽത്ത് സെൻററുകളുടെയും നിർമാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കാനാണ് പി.എച്ച്.സി.സി പദ്ധതി.
ഖത്തറില്‍ ആരോഗ്യ മേഖലയില്‍ വൻ വികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിെൻറ തുടർച്ചയായാണ് പുതിയ ആശുപത്രികൾ സ്ഥാപിക്കുന്നത്.രാജ്യത്തെ ആശുപത്രികളിലെ കിടപ്പുരോഗികൾക്കായുള്ള ആകെ ബെഡുകളുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിരിക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ (എച്ച്.എം.സി) വലിയ വിപുലീകരണ പദ്ധതിയുടെ ഫലമായി 2016നുശേഷം മൊത്തം കിടക്കകളുടെ എണ്ണത്തിൽ 25 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. രാജ്യത്തെ ആരോഗ്യമേഖലയിലെ വികസനം തുടരുന്നതായി ഖത്തർ നാഷനൽ ബാങ്ക് ഈയടുത്ത് പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ വിശദീകരിക്കുന്നുണ്ട്.
ആരോഗ്യ പരിചരണ ചെലവഴിക്കലില്‍ മിഡിൽ ഇൗസ്റ്റില്‍ മുന്നില്‍ ഖത്തറാണ്. 2018ല്‍ 22.7 ബില്യണ്‍ റിയാലാണ് ആരോഗ്യ പരിചരണ മേഖലയില്‍ ഖത്തര്‍ നിക്ഷേപിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് നാലുശതമാനം വര്‍ധന. 2011നും 2016നുമിടയില്‍ ഖത്തറില്‍ അഞ്ചു പുതിയ ആശുപത്രികള്‍ തുറന്നപ്പോള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മാത്രം ആരോഗ്യമേഖലയില്‍ ശ്രമങ്ങള്‍ ശക്തമാക്കി. പിന്നിട്ട കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ ആറു പുതിയ പൊതുമേഖല ആശുപത്രികള്‍ തുറന്നു. 1100ലധികം ആശുപത്രി കിടക്കകളാണ് സജ്ജമാക്കിയത്.
2018ല്‍ ഖത്തറിലെ ആശുപത്രി കിടക്കകളുടെ എണ്ണം ഏകദേശം 3800 ആയിരുന്നത് 2033 ആകുമ്പോഴേക്കും 5700 ആയി ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഖത്തറില്‍ നിലവില്‍ 10,000 പേര്‍ക്ക് ശരാശരി 16.3 ആശുപത്രി കിടക്കകളാണുള്ളത്. ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോ ഓപറേഷന് ആൻഡ് ഡെവലപ്മെൻറ് (ഒ.ഇ.സി.ഡി) രാജ്യങ്ങളിലെ കണക്കുമായി താരതമ്യം ചെയ്താല്‍ ഈ കണക്ക് കുറവാണ്. ഒ.ഇ.സി.ഡി രാജ്യങ്ങളില്‍ 10,000 പേര്‍ക്ക് 47.9 ആശുപത്രി കിടക്കകളാണുള്ളത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.