ദോഹ: അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ നയതന്ത്ര വിജയത്തിന്റെ അടയാളമായി അമേരിക്കൻ ബന്ദികളുടെ മോചനം. ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയ സംഘത്തിൽനിന്ന് രണ്ടു പേരുടെ മോചനത്തിന് അമേരിക്കയും ഐക്യരാഷ്ട്രസഭയും ഉൾപ്പെടെ ഖത്തറിന് നന്ദി അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഖത്തറിലെ അമേരിക്കൻ അംബാസഡർ ടിമ്മി ടി. ഡേവിസ്, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരാണ് ഖത്തറിന്റെ ഇടപെടലിന് നന്ദി അറിയിച്ചത്. 59 വയസ്സുള്ള അമ്മ ജൂഡിത് തായ് റാനൻ, 17 വയസ്സുകാരി മകൾ നതാലി എന്നിവരെയാണ് മാനുഷിക വശം പരിഗണിച്ച് ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്.
ഖത്തറിന്റെ അഭ്യർഥനയെ തുടർന്ന് മോചിപ്പിച്ചതായി ഹമാസ് വക്താവ് വ്യക്തമാക്കിയിരുന്നു. പിന്നാലെ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഖത്തറിന്റെ ഇടപെടലിന് നന്ദി അറിയിച്ചു. ‘എക്സിൽ’ പ്രസിഡന്റിന്റെ പോസ്റ്റ് പങ്കുവെച്ചാണ് ഖത്തറിലെ അമേരിക്കൻ അംബാസഡർ ടിമ്മി ഡേവിസ് നന്ദി അറിയിച്ചത്.
രണ്ട് അമേരിക്കൻ പൗരന്മാരുടെ മോചനത്തിൽ പങ്കുവഹിച്ച ഖത്തറിന്റെ ഇടപെടലിന് നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയാനും നയതന്ത്ര ഇടപെടലിനുമായി ഖത്തർ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ചു കൊണ്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ വാക്കുകളും അദ്ദേഹം പങ്കുവെച്ചു. അന്താരാഷ്ട്ര വിഷയങ്ങളിൽ മധ്യസ്ഥതയുമായി ഇടപെടുന്ന ഖത്തറിന്റെ പ്രവർത്തനങ്ങളുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. കഴിഞ്ഞയാഴ്ചയായിരുന്നു റഷ്യൻ കസ്റ്റഡിയിലുള്ള നാലു യുക്രെയ്ൻ കുട്ടികളുടെ മോചനം മോസ്കോയിലെ ഖത്തർ എംബസി വഴി സാധ്യമാക്കിയത്.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നന്ദി അറിയിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയെ ഫോണിൽ വിളിച്ച് ബന്ദിമോചനത്തിലെ ഇടപെടലിന് നന്ദി അറിയിച്ചു. അമേരിക്കയുമായും മറ്റ് അന്താരാഷ്ട്ര പങ്കാളികളുമായും സഹകരിച്ച് കൂടുതൽ ബന്ദികളുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇറാൻ-അമേരിക്ക തടവുകാരുടെ മോചനത്തിലും അഫ്ഗാനിലെ ഇടപെടലിലും ഉൾപ്പെടെ ഖത്തറിന്റെ നയതന്ത്ര വിജയങ്ങൾ ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.