ദോഹ: ആഘോഷങ്ങൾക്കുപോലും വർഗീയ നിറം നൽകി നിക്ഷിപ്ത താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്ത് ഒന്നിച്ചിരിക്കുന്നതുപോലും രാഷ്ട്രീയ പ്രവർത്തനമാണെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി തുമാമ സോണൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ കിഴിശ്ശേരി. ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദവേദി ഖത്തറും തനിമ തുമാമയും സംയുക്തമായി സംഘടിപ്പിച്ച ഓണക്കൂട്ട് സ്നേഹസംഗമത്തിൽ ഓണസന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസൗഹൃദമാണ് ആഘോഷങ്ങളുടെ ഉള്ളടക്കം. വൈവിധ്യങ്ങളോടൊപ്പം ഒരുമിച്ചുജീവിച്ചതിന്റെ മഹത്തായ ഭൂതകാല ഓർമകളും സ്വരബഹുത്വത്തിന്റെ അന്തരീക്ഷത്തിൽ ഇനിയും ഒരുമിച്ചുള്ള ജീവിതം സാധ്യമാണെന്ന പ്രത്യാശയുടെ പങ്കുവെപ്പുകൂടിയാണ് ആഘോഷങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മാത്യു, ഷിബു എന്നിവർ സംസാരിച്ചു. ഗ്ലെൻവിനും സംഘവും, ശഫാഅ്, സബ സറിൻ, അജിത്, ശഫീഖ്, പ്രകാശൻ, ഷാജി, ബാബു, നിസാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. പ്രശ്നോത്തരിയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നബീൽ പുത്തൂർ സ്വാഗതവും എം.ടി. ഷമീം നന്ദിയും പറഞ്ഞു. ബർവ വില്ലേജിൽ സംഘടിപ്പിച്ച സംഗമത്തിന് വി.കെ. നൗഫൽ, ബിലാൽ ഹരിപ്പാട്, ഡോ. സലിൽ ഹസൻ, എൻ.പി. അഷ്റഫ്, റഷീദ് മമ്പാട്, ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.