ദോഹ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്കായി മുന്നിൽ നിൽക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സെക്കൻഡ് സെക്രട്ടറി ഫാത്വിമ അൽ മന്നാഈ പറഞ്ഞു. മനുഷ്യാവകാശ സമിതിയുടെ 56ാമത് സമ്മേളനത്തിന്റെ ഭാഗമായി സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച റിപ്പോർട്ടിന്മേൽ ജനീവയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. സമത്വം, നീതി എന്നീ തത്ത്വങ്ങളിലധിഷ്ഠിതമായി എല്ലാ അതിക്രമങ്ങളിൽനിന്നും വനിതകളെ സംരക്ഷിക്കുന്നതിൽ ഖത്തർ ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സ്ത്രീകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും സമൂഹത്തിൽ അവരുടെ പദവി ഉയർത്താനും രാജ്യം പ്രതിജ്ഞാബദ്ധമാണ്. മത-ധാർമിക, സാംസ്കാരിക മൂല്യങ്ങളുടെയും ലോകത്ത് എവിടെയായാലും സ്ത്രീകൾക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളെയും വിവേചനങ്ങളെയും ഖത്തർ അപലപിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും ഉപയോഗപ്പെടുത്തി സ്ത്രീകൾക്കെതിരായ അക്രമവും ചൂഷണവും തടയാൻ ശ്രമം ഉണ്ടാകണം. ഈ കാലത്തും സ്ത്രീകൾക്കെതിരായ അക്രമങ്ങളും ചൂഷണങ്ങളും തുടരുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. തുല്യ അടിസ്ഥാനത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ നൽകേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു. സ്ത്രീകളെയും പെൺകുട്ടികളെയും രണ്ടാംനിരയിലേക്ക് തള്ളി അവരെ ദുർബലരാക്കുന്നതിന്റെ മൂലകാരണങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും അവർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.