ഒളിമ്പിക്​സ്​ ഹൈജംപിൽ സ്വർണം പങ്കുവെച്ച ഖത്തറി‍െൻറ മുഅതസ്​ ബർഷിമും ഇറ്റലിയുടെ ജിയാൻ മാർകോ ടാംബെരിയും 

ഞാൻ മത്സരിക്കുന്നത്​ 'ഹൈജംപ് ബാറി'നെതിരെ -ബർഷിം

ദോഹ: രാജ്യാന്തര അത്​ലറ്റിക്സിൽ ഖത്തറി‍െൻറ ഖ്യാതി വാനോളമുയർത്തിയ താരമാണ് ഹൈജംപ് താരമായ മുഅതസ്​ ഈസ ബർഷിം. കിട്ടാക്കനിയായിരുന്ന ഒളിമ്പിക്സ്​ സ്വർണമെഡൽ, എതിരെ മത്സരിച്ച സുഹൃത്ത്​ ജിയാൻ മാർകോ ടാംബെരിയുമായി പങ്കുവെച്ചത്​ അന്താരാഷ്​ട്ര കായിക രംഗം ഇരുകൈയോടെ സ്വീകരിക്കുകയും വലിയ വാർത്താപ്രാധാന്യം നൽകിയതും ബർഷിമിനെ കൂടുതൽ പ്രശസ്​തിയിലേക്കെത്തിച്ചു.

കായിക പ്രേമികളുടെ മാത്രമല്ല, ലോകമെങ്ങുമുള്ള മുനഷ്യ സ്​നേഹികളുടെയും കൈയടി നേടിയ നിമിഷം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ബർഷിം ഖത്തർ യുവതക്ക് മാതൃകയാണെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.

നേരത്തെ ഹൈജംപിലെ ലോകറെക്കോഡ് പ്രകടനമായ സോട്ടോമെയറുടെ 2.45 മീറ്ററിനടുത്ത് വരെയെത്തി ലോകത്തെ ഞെട്ടിച്ച ബർഷിം, ടോക്യോയിൽ 2.37 മീറ്റർ ചാടിയാണ് സ്വർണനേട്ടം കരസ്​ഥമാക്കിയത്.

ഒളിമ്പിക്​സ്​ മെഡൽ നേട്ടത്തിൻെറ അവിശ്വസനീയതയിൽനിന്ന്​ ബർഷിം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.ഈ നിമിഷം ഇനിയും അവസാനിക്കാതിരുന്നെങ്കിൽ എന്നായിരുന്നു മത്സര ദിവസം താരത്തി​ൻെറ പ്രതികരണം.

ഒളിമ്പിക്സ്​ സ്വർണനേട്ടം ജീവിതത്തിലെ അവിസ്​മരണീയ സന്ദർഭമായിരുന്നുവെന്നും കളിക്കളത്തിൽ താരങ്ങളല്ല, ഹൈജംപ് ബാറാണ് ത‍െൻറ എതിരാളിയെന്നും 'ഗൾഫ് ടൈംസ്​' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഅ്തസ്​ ബർഷിം പറഞ്ഞു.

സ്വർണം പങ്കുവെച്ച തീരുമാനം

ടാംബെരിയും ഞാനും 11 വർഷത്തിലധികമായി അടുത്ത സുഹൃത്തുക്കളാണ്​. യൂത്ത് വിഭാഗത്തിലും പിന്നീട് സീനിയറിലും ഞങ്ങൾ ഒരുമിച്ചാണ് എത്തിയത്. ഫീൽഡിൽ മാത്രം ആ സൗഹൃദത്തെ ഒതുക്കാൻ കഴിയില്ല. 2016ൽ ഒളിമ്പിക്സിന് മുമ്പായി ടാംബെരിക്ക് വലിയ പരിക്ക് സംഭവിച്ചിരുന്നു, 2018ൽ എനിക്ക് സംഭവിച്ച അതേ പരിക്ക്. ഒരേ ശസ്​ത്രക്രിയക്കാണ് ഞങ്ങൾ രണ്ട് പേരും വിധേയരായത്. ഒരേ വികാരമാണ് ഞങ്ങൾക്ക് രണ്ട് പേർക്കുമുണ്ടായിരുന്നത്. എെൻറ ശസ്​ത്രക്രിയക്കുശേഷം എനിക്ക് കളിക്കളത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് ഉറപ്പുപറയാൻ ഡോക്ടർക്ക് പോലും സാധിച്ചിരുന്നില്ല. ടാംബെരിയുടെ അനുഭവവും ഇത് തന്നെയായിരുന്നു.

ഇങ്ങനെയുള്ള സാഹചര്യത്തിലൂടെയാണ് ഞങ്ങളിവിടെത്തിയത്. സ്വർണം പങ്കുവെക്കുന്നതിലെ പ്രധാന കാരണവും ഇതായിരുന്നു. ടോക്യോയിൽ വലിയ സമ്മർദമുണ്ടായിരുന്നു. വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്ന് ഓടി ഉയർന്ന് ചാടുകയെന്നത് വലിയ സാഹസികതയാണ്. സ്വർണം നേടുന്നതിന് പുതിയ നിയമം റഫറി വിശദീകരിച്ചപ്പോൾ, ശ്രമം ഉപേക്ഷിക്കുകയാണെങ്കിൽ രണ്ടുപേർക്കും സ്വർണം ലഭിക്കുമോ എന്നാണ് ചോദിച്ചത്. റഫറി അതെ എന്ന് പറഞ്ഞതും ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ടാംബെരി എങ്ങനെ സന്തോഷപ്രകടനം നടത്തണമെന്നറിയാതെ അലറുകയായിരുന്നു, ഞാനും. ജീവിതത്തിലെ മഹത്തായ, അവിസ്​മരണീയമായ മുഹൂർത്തമായിരുന്നത്.

ഒളിമ്പിക്​സിനെത്തുമ്പോൾ ലോക റാങ്കിങ്ങിൽ ആറോ ഏഴോ സ്​ഥാനത്തായിരുന്നു ഞാൻ. ഫൈനലിലെത്തണമെങ്കിൽ സീസണിലെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം. മെഡൽ നേടാൻ മികച്ച ചാട്ടം തന്നെ വേണം. ശ്രദ്ധ കേന്ദ്രീകരിച്ചത് ഉയരത്തിലായിരുന്നു, എതിരാളികളിലായിരുന്നില്ല. ലോക ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലും മത്സരം വ്യത്യസ്​തമാണ്. കളിക്കാരല്ല എെൻറ എതിരാളി, ഹൈജംപ് ബാറാണ് എെൻറ എതിരാളി.

വിരമിക്കൽ മനസ്സിലില്ല

ഈ സാഹചര്യത്തിൽ അധിക താരങ്ങളും വിരമിക്കുന്നത് സംബന്ധിച്ച് ചിന്തിച്ചു തുടങ്ങുന്നവരായിരിക്കും. പരിക്കിനെ തുടർന്ന് ഞാനും അങ്ങനെ ചിന്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിരമിക്കുന്നത് ആലോചനയില്ല. ഒളിമ്പിക് സ്വർണമായിരുന്നു എനിക്ക് നേടാനുണ്ടായിരുന്നത്. ദൈവാനുഗ്രഹത്താൽ അതും ലഭിച്ചു. പരിക്കുകളൊന്നും സംഭവിക്കാതെ ഇനിയും ഉയരങ്ങളിലേക്ക് ചാടണം, നേട്ടങ്ങൾ കൊയ്യണം എന്നാണ് ആഗ്രഹം.സെപ്റ്റംബർ ഒമ്പതിന് സൂറിച്ചിൽ ഡയമണ്ട് ലീഗ് ഫൈനൽ ചാമ്പ്യൻഷിപ് ഉണ്ട്. അതിലാണ് ശ്രദ്ധ. അതിന് ശേഷം ഇടവേളയാണ്. 2022ൽ രണ്ട് ലോക ചാമ്പ്യൻഷിപ്പുകളാണ് മുന്നിലുള്ളത്. മാർച്ചിൽ സെർബിയയിൽ ലോക ഇൻഡോർ ചാമ്പ്യൻഷിപ്പും ജൂലൈയിൽ അമേരിക്കയിൽ ലോക ചാമ്പ്യൻഷിപ്പും. അതായത് വരുന്ന സീസൺ കടുപ്പമേറിയതാകും.

ഒളിമ്പിക്സ്​ തയാറെടുപ്പുകൾ

ആറോ ഏഴോ മാസം, കൃത്യമായി പറഞ്ഞാൽ 2020 നവംബർ മുതൽ ക്യാമ്പിൽ തന്നെയായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം രണ്ടോ മൂന്നോ ആഴ്ചകളാണ് ദോഹയിൽ ചെലവഴിച്ചത്. വീണ്ടും ക്യാമ്പിലേക്ക് പോയി. തുടർന്ന് മൂന്ന് മാസങ്ങൾക്കുശേഷം വീണ്ടും രണ്ടാഴ്ചക്കാലത്തേക്ക് ദോഹയിൽ. റമദാന് ശേഷം ഏതാനും ദിവസങ്ങൾ മാത്രമാണ് ദോഹയിലുണ്ടായിരുന്നത്​. ക്യാമ്പ് ജീവിതം പ്രയാസമാണ്, എന്നാൽ അതൊരു അനിവാര്യതയുമാണ്.

അസാധ്യമായി ഒന്നുമില്ല

അസാധ്യമായത് ഒന്നുമില്ല എന്നതാണ്​ യുവ തലമുറക്ക്​ നൽകാനുള്ള ഉപദേശം. ഒളിമ്പിക്സിൽ പങ്കെടുക്കുകയെന്നതായിരുന്നു എ‍െൻറ വലിയ ആഗ്രഹം. പിന്നീട് സ്വപ്നം വളർന്നു ഒരു വെങ്കല മെഡലെങ്കിലും നേടണമെന്നായി. അത് വീണ്ടും വെള്ളി മെഡലിലേക്കെത്തി. ഇപ്പോൾ സ്വർണവും നേടാനായിരിക്കുന്നു. ഓരോ തവണ വിഡിയോ കാണുമ്പോഴും എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. വാക്കുകളാൽ വിവരിക്കാൻ കഴിയുന്നതല്ല എെൻറ നേട്ടം.

Tags:    
News Summary - I am competing against ‘High Jump Barry’ -Barshim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.