ദോഹ: ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന് ഖത്തര്‍ (ഐഫാഖ്) നേതൃത്വത്തിൽ ലോക ഫാർമസിസ്റ്റ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അന്താരാഷ്ട്ര ഫാർമസി ദിനമായി സെപ്റ്റംബർ 25നാണ് ലോകം ആചരിക്കുന്നതെങ്കിലും ഖത്തറിലെ മുഴുവൻ ഇന്ത്യൻ ഫാർമസിസ്റ്റ് സമൂഹത്തെയും ഉൾക്കൊള്ളിച്ച് പഠനാർഹമായ സെഷനുകളോടെ സെപ്റ്റംബര്‍ 29ന് ലാ സിഗേൽ ഹോട്ടലിൽ സംഘടിപ്പിക്കുമെന്ന് ‘ഐഫാഖ്’ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതില്‍ ഫാര്‍മസിസ്റ്റുകളുടെ പങ്ക് ഉയര്‍ത്തിക്കാട്ടുന്ന ആകര്‍ഷകവും വിജ്ഞാനപ്രദവുമായ സെഷനുകൾ ഉൾക്കൊള്ളിച്ചായിരിക്കും മുഴുദിന ആഘോഷങ്ങൾ നടക്കുന്നത്. ഫാർമസിസ്റ്റുകൾക്കായി മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന തുടർ വിദ്യാഭ്യാസ പരിപാടിയിൽ വിദഗ്ധർ പങ്കെടുക്കും.
ഫാർമസി കമ്യൂണിറ്റിയെ പിന്തുണക്കുകയും മികച്ച ആരോഗ്യ ഫലങ്ങൾ നേടുന്നതിന് മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ‘ഐഫാഖ്’ പ്രോഗ്രാം ലീഡും വെല്‍കെയര്‍ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ അഷ്റഫ്.കെ.പി അറിയിച്ചു.
ആഘോഷപരിപാടികളിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഹമദ് മെഡിക്കൽ കോർപറേഷൻ ഫാർമസി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മോസ അൽ ഹെയിൽ, ഖത്തർ യൂനിവേഴ്സിറ്റി ഡീൻ പ്രഫസർ മുഹമ്മദ് ഇസ്ഹാം, കമ്യൂണിറ്റി പൊലീസിങ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഇബ്രാഹിം റാഷിദ് അൽ സെമൈഹ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ലോക ഫാർമസിസ്റ്റ് ദിന പ്രമേയത്തെ കേന്ദ്രീകരിച്ചുള്ള പാനൽ ചർച്ചയിൽ എച്ച്.എം.സിയിലെ അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. പി.വി. അബ്ദുൾറഊഫ്, ഡോ. വെസ്സാം എൽകാസെം, ഖത്തർ സർവകലാശാലയിലെ ഫാർമസി പ്രാക്ടീസ് പ്രഫസർ ഡോ. അഹമ്മദ് അവായിസു, പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ഇമാദ് മൻസൂർ എന്നിവരുൾപ്പെടെ വിദഗ്ധർ പങ്കെടുക്കും. ആഘോഷ പരിപാടികളിൽ ഖത്തറിലെ ആരോഗ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖരും ഇന്ത്യൻ എംബസി അപെക്സ് ബോഡി പ്രധിനിധികളും പങ്കെടുക്കും.
ആരോഗ്യ സംരക്ഷണമേഖലകളിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നത് തുടരുമ്പോൾ, ഫാർമസിസ്റ്റുകളുടെ പങ്ക് നിർണായകമാണെന്ന് ഐഫാഖ് ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്ട് പറഞ്ഞു. എല്ലാവരുടെയും ആരോഗ്യപരിചരണം മെച്ചപ്പെടുത്തുക എന്ന ദൗത്യത്തിലേക്ക് ഫാർമസി സമൂഹത്തിന് ഐക്യപ്പെടാനും പഠിക്കാനും പുനർനിർമിക്കാനുമുള്ള അവസരമാണ് ഐഫാഖിന്റെ ലോക ഫാർമസിസ്റ്റ് ദിനാചരണമെന്ന് അദ്ദേഹം പറഞ്ഞു.
ഐഫാഖിന്റെ സാമൂഹിക പ്രതിബദ്ധത ഉൾക്കൊണ്ട് പരിപാടിയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ട്രൂത്ത് ഫാർമസി ഓപറേഷൻ മാനേജർ ഫാത്തിമ നജ്മുദ്ദീൻ പറഞ്ഞു.
ഫാർമസി ദിന പരിപാടികൾ സംബന്ധിച്ച് ഐഫാഖ് അക്കാദമിക് മേധാവി ഡോ. ബിന്നി തോമസ് വിശദീകരിച്ചു. വിദ്യാഭ്യാസ സെഷനുകളും പാനൽ ചർച്ചകളും ആരോഗ്യ സംരക്ഷണത്തിൽ നല്ല മാറ്റമുണ്ടാക്കാൻ കൂടുതൽ ശക്തരാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആഘോഷ പരിപാടികളുടെ ഭാഗമാസി ഫാർമസിസ്റ്റ് മേഖലയിൽ 25 വർഷത്തെ വിദഗ്ധ സേവനം അനുഷ്ഠിച്ച ഐഫാഖ് അംഗങ്ങളെ ആദരിക്കും. ഐഫാഖ് വൈസ് പ്രസിഡന്റ് അക്ബർ ടി.പി, ട്രഷറർ സക്കീർ മുളക്കൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.