ദോഹ: റമദാനിലെ വ്രതദിനങ്ങൾ ആദ്യ പത്തും കടന്നതിനുപിന്നാലെ പ്രവാസ മണ്ണിൽ ഇഫ്താർ സംഗമങ്ങൾ സജീവമായി. റമദാൻ 12ലെത്തിയപ്പോഴേക്കും രണ്ടു വെള്ളിയാഴ്ചകളാണ് ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് ലഭിച്ചത്. പ്രവാസ ലോകത്ത് വാരാന്ത്യം കൂടി ആയതിനാൽ, വെള്ളി, ശനി ദിവസങ്ങളിൽ ഒത്തുചേർന്ന് നോമ്പു തുറ സംഗമങ്ങളും സജീവമായി. കമ്യൂണിറ്റി സംഘടനകൾ, വിവിധ സംഘടനകൾ, മഹല്ല് കൂട്ടായ്മകൾ, സ്ഥാപനങ്ങൾ, കുടുംബ കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ നോമ്പു തുറ സംഗമങ്ങൾ സജീവമായി. ഹോട്ടലുകൾ മുതൽ പാർക്കുകൾ വരെയാണ് ഇത്തവണയും നോമ്പു തുറയുടെ പ്രധാന വേദികൾ. അതേസമയം, ഇന്ത്യൻ കൾച്ചറൽ സെന്റർ ആസ്ഥാനമായ അശോക ഹാളും ഇത്തവണ പ്രധാന കേന്ദ്രമാണ്. വിവിധ സംഘടനകളുടെ നോമ്പുതുറ സംഗമങ്ങളുടെ പ്രധാന വേദി കൂടിയായി മാറി.
കൾച്ചറൽ ഫോറം നേതൃത്വത്തിൽ കമ്യൂണിറ്റി ലീഡേഴ്സ് ഇഫ്താർ സംഘടിപ്പിച്ചു. ‘പ്രവാസി സമൂഹത്തിലെ ഒത്തുചേരലുകൾ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഏറെ ഉപകരിക്കുമെന്ന് ഇഫ്താറിൽ പങ്കെടുത്തുകൊണ്ട് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാല്‍ അഭിപ്രായപെട്ടു. ഒരു സമൂഹം എന്ന നിലയിൽ ഒന്നിച്ചു മുന്നേറാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ കള്‍ച്ചറല്‍ ഫോറം മുൻപ്രസിഡന്റ് ഡോ. താജ് ആലുവ മുഖ്യപ്രഭാഷണം നടത്തി. ആത്മീയതയോടൊപ്പം പട്ടിണി കിടക്കുന്നവന്റെ വേദനയും ഭക്ഷണത്തിന്റെ വിലയും മനുഷ്യന് മനസ്സിലാക്കിക്കൊടുക്കുന്ന ശുദ്ധ മാനവികതയാണ് റമദാന് ഉദ്ഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും ലോകത്തിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തിന് ഇന്നും ഒരു നേരത്തെ ആഹാരം എന്നത് സ്വപ്നമാണ്. പട്ടിണി മൂലം ശിശുമരണങ്ങള്‍ ധാരാളമായി നടക്കുന്നു. ഇന്ന് ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ് ദാരിദ്ര്യം എന്നും അവരുടെ വേദന അറിയാനുള്ള അവസരം കൂടിയാണ് റമദാൻ വ്രതമെന്നും അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ ഫോറം ആക്ടിങ് പ്രസിഡന്റ് ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യൻ സ്പോർട്സ് സെന്റർ അഡ്വൈസറി കൗൺസിൽ ചെയർമാൻ ഡോ. മോഹന്‍ തോമസ്, ഐ.സി ബി. എഫ് മുൻ പ്രസിഡന്റ് വിനോദ് നായര്‍, ഇന്ത്യന്‍ എംബസിക്കു കീഴിലെ അപെക്സ് ബോഡി ഭാരവാഹികൾ, മാനേജിങ് കമ്മറ്റിയംഗങ്ങള്‍, അഡ്വൈസറി കൗൺസിൽ അംഗങ്ങൾ, മലയാളി പ്രവാസി സംഘടന നേതാക്കൾ, വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി സംഘടന നേതാക്കൾ, മാധ്യമ പ്രവർത്തകർ, ബിസിനസ് പ്രമുഖർ തുടങ്ങിയവർ കമ്യൂണിറ്റി ലീഡേഴ്സ് ഇഫ്താറിൽ പങ്കെടുത്തു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് റാഫി, സജ്ന സാക്കി, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, ഷറഫുദ്ദീന്, പബ്ലിക് റിലേഷന്‍ ഹെഡ് സാദിഖ് ചെന്നാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഖത്തർ സംസ്കൃതി അംഗങ്ങൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പോഡാർ പേൾ സ്കൂളിൽ നടന്ന പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളുമായി 1800 ഓളം പേർ ഒത്തുചേർന്നു. സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ കാവിൽ, പ്രസിഡന്റ് അഹമ്മദ് കുട്ടി, ഇഫ്താർ പ്രോഗ്രാം കമ്മറ്റി കൺവീനർ ഷംസീർ അരിക്കുളം, സംസ്കൃതി ഭാരവാഹികൾ, മറ്റു നേതാക്കൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, വിവിധ യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
ഖത്തർ വളപട്ടണം കൂട്ടായ്മ നേതൃത്വത്തിൽ ഐൻ ഖാലിദ് സിദ്രാ ഗാർഡൻ ഹാളിൽ ഇഫ്താർ സംഗമം നടത്തി. സ്ത്രീകൾ ഉൾെപ്പടെ 250ലേറെ പേർ പങ്കെടുത്തു. ഖത്തർ അണ്ടർ 17 ദേശീയ ഫുട്ബാൾ ടീമിൽ കളിക്കുന്ന വളപട്ടണം സ്വദേശി തഹ്സീൻ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് വി.എൻ. നൗഷാദ് മെമന്റോയും മുഹമ്മദ് ഷമീം ഉപഹാരവും നൽകി. വി. മുഹമ്മദ് അഷ്റഫ് പൊന്നാട അണിയിച്ച് തഹ്സീലിനെ ആദരിച്ചു. കൂട്ടായ്മയുടെ നിർദിഷ്ട ഡയാലിസിസ് കേന്ദ്രം കെട്ടിടത്തിന്റെ രേഖാ ചിത്രം ചടങ്ങിൽ ടീ ടൈം എം.ഡി. അബ്ദുൽ കരീം പ്രകാശനം ചെയ്തു. പ്രസിഡന്റ് വി.എൻ. നൗഷാദ് അധ്യക്ഷത വഹിച്ചു. എം. പി. ഹാഷിർ, വി.കെ. ശഹബാസ് തങ്ങൾ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ടി.പി. ഹാരിസ് സ്വാഗതം പറഞ്ഞു. കെ.പി.ബി. റിഷാൽ, യു.എം. പി. നാസർ, എ. ജറീഷ്, കെ.പി.ബി. നൗഷാദ്, കെ.എസ്. സിറോഷ് , കെ.വി. ജാഫർ , വി കെ. സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.
കൂരിക്കുഴി മഹല്ല് കൂട്ടായ്മയായ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ജമാൽ ടി.എ. അധ്യക്ഷത വഹിച്ചു. മൻസൂർ ഗഫൂർ സ്വാഗതം പറഞ്ഞു. ഐ.സി.ബി.എഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഹല്ല് അംഗം ഷാനവാസ് ബാവയെയും ഫിഫ വേൾഡ് കപ്പ് ഫൈനലിനു പിന്നാലെ ലയണൽ മെസിയെ അമീർ ശൈഖ് തമീം അണിയിച്ച ബിഷ്ത് തയ്ച്ചു നൽകിയ അബ്ദുൽ കാദറിനെയും ആദരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഫൈസൽ ഹൈദ്രോസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.