ദോഹ: ഗൾഫ് മേഖലയുടെ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബെന്ന ഖ്യാതിയിലേക്കുള്ള ഖത്തറിന്റെ മുന്നേറ്റത്തിന് കരുത്ത് പകർന്ന് തുറമുഖങ്ങളിലെ കാർഗോ നീക്കത്തിൽ വീണ്ടും ഗണ്യമായ വർധന. ഈ വർഷം ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ 11 ശതമാനം വർധനയാണ് കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെൻറ് വ്യാപ്തിയിൽ രേഖപ്പെടുത്തിയത്. മേഖലയിലെ വാണിജ്യ ഹബ്ബായി മാറുന്ന ഹമദ് തുറമുഖമാണ് പട്ടികയിൽ മുമ്പന്തിയിലുള്ളത്.
കോവിഡ് മഹാമാരിയെ തുടർന്ന് ആഗോളതലത്തിൽ തന്നെ സമുദ്ര ഗതാഗത, വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും രാജ്യത്തെ തുറമുഖങ്ങളായ ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലെ ചരക്കുനീക്കത്തിൽ വർധനവാണ് ഉണ്ടായത്.
2022 ഫെബ്രുവരിയിൽ മൂന്ന് തുറമുഖങ്ങളിലുമായി 113,000 ടി.ഇ.യു (ട്വൻറി ഫൂട്ട് ഇക്വലൻറ് യൂനിറ്റ്സ്) കണ്ടെയ്നറാണ് കൈകാര്യം ചെയ്തത്. കൂടാതെ 1,25,000 ടൺ ജനറൽ കാർഗോയും 46,600 ടൺ ബിൽഡിങ് മെറ്റീരിയലുകളും തുറമുഖങ്ങളിലെത്തിയതായി മവാനി ഖത്തർ ട്വീറ്റ് ചെയ്തു.
മവാനി ഖത്തർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 1,13,957 ടി.ഇ.യു, 1,25,341 ടൺ ജനറൽ കാർഗോ, 4992 റോറോ യൂനിറ്റുകൾ, 16,000 കാലികൾ, 46,635 ടൺ കെട്ടിട നിർമാണ സാമഗ്രികൾ എന്നിവ മൂന്ന് തുറമുഖങ്ങളിലായി കൈകാര്യം ചെയ്തു. മൂന്നിടങ്ങളിലുമായി 213 കപ്പലുകളാണ് നങ്കൂരമിട്ടത്.
ഫെബ്രുവരിയിൽ ഹമദ് തുറമുഖത്ത് 106 കപ്പലുകളെത്തിയതായി ക്യു ടെർമിനൽസ് അറിയിച്ചു. ഹമദ് തുറമുഖത്ത് 1,12,017 ടി.ഇ.യു, 1,11,136 ടൺ േബ്രക്ക്ബൾക് കാർഗോ, 4917 റോറോ യൂനിറ്റ്, 10,000 ടൺ ബൾക്ക് കാർഗോ എന്നിവ കൈകാര്യം ചെയ്തതായും ക്യു ടെർമിനൽസ് വ്യക്തമാക്കി.
ഹമദ് തുറമുഖത്തിലെ കണ്ടെയ്നർ ടെർമിനൽ രണ്ടിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങൾ പൂർണശേഷിയിൽ കഴിഞ്ഞ മാസം പ്രവർത്തനമാരംഭിച്ചിരുന്നു. ഇത് പ്രതിവർഷം തുറമുഖത്തിന്റെ ആകെ ടി.ഇ.യു മൂന്ന് ദശലക്ഷമാക്കി ഉയർത്തുന്നതിൽ വലിയ പങ്കു വഹിക്കും.
ആഗോള കപ്പൽ ഗതാഗതം തേടുന്ന അത്യാധുനികവും പരിസ്ഥിതി സൗഹൃദ, സാങ്കേതിക തികവോടു കൂടിയ സംവിധാനങ്ങളാണ് ടെർമിനൽ രണ്ടിൽ സ്ഥാപിച്ചിരിക്കുന്നത്. ഖത്തറിന്റെ മേഖലാതലത്തിലെ വാണിജ്യ വ്യാപ്തി വർധിപ്പിക്കുക, മേഖലയിലെ ബിസിനസ് ഹബ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഖത്തറിന്റെ കുതിപ്പിന് കരുത്തുപകരുക തുടങ്ങിയവ വികസന പദ്ധതിയുടെ ലക്ഷ്യമാണ്.
ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെ പൂർണമായും ഖത്തറിൽ നിർമിച്ച വസ്തുക്കളും സാമഗ്രികളുമാണ് ടെർമിനൽ രണ്ടിന്റെ നിർമാണത്തിൽ 70 ശതമാനവും ഉപയോഗിച്ചത്. നാല് ഘട്ടമായാണ് കണ്ടെയ്നർ ടെർമിനൽ നിർമിക്കുക. 624 മീറ്റർ നീളത്തിൽ 3,80,000 ചതുരശ്ര മീറ്ററാണ് ടെർമിനൽ 2ന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ ആകെ വിസ്തൃതി. മൂന്ന്, നാല് ഘട്ടം കൂടി പൂർത്തിയാകുന്നതോടെ പ്രാദേശിക വിപണിയുടെ ആവശ്യം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.