ദോഹ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ആഗസ്റ്റിനെ വരവേറ്റ് ഖത്തറിലെ ഇന്ത്യൻ സമൂഹം. രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾക്ക് പ്രൗഢഗംഭീരമായി തുടക്കം കുറിച്ചു. സംഗീത, നൃത്തമേളകളോടെയാണ് തിങ്കളാഴ്ച ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
ദേശഭക്തി ഗാനങ്ങളും നൃത്തങ്ങളും കലാരൂപങ്ങളുമായി ത്രിവർണത്തിൽ ചാലിച്ച പരിപാടികളോടെയാണ് ഐ.സി.സി അശോക ഹാളിൽ മെഗാ കാർണിവലിന് തുടക്കമായത്. ആഗസ്റ്റ് ഒന്നിന് ആരംഭം കുറിച്ച പരിപാടികൾ 19ാം തീയതിവരെ നീണ്ടുനിൽക്കും.
തിങ്കളാഴ്ച ഐ.സി.സി അശോക ഹാളില്‍ ഇന്ത്യന്‍ അംബാസഡർ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. തത്സമയ സംഗീതവും നൃത്തവും കോര്‍ത്തിണക്കി ഒരു മണിക്കൂറിലധികം നീണ്ട പരിപാടികളാണ് ഉദ്ഘാടന ദിനത്തില്‍ അരങ്ങേറിയത്. തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളാണ് ആദ്യദിനത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്. ദേശഭക്തി ഗാനങ്ങൾ കോർത്തിണക്കിയ ഫ്യൂഷൻ സംഗീതത്തോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്, നൃത്ത പരിപാടികളും മറ്റുമായി ഒരു മണിക്കൂറിലേറെ പരിപാടികൾ നീണ്ടുനിന്നു.
രണ്ടാം ദിനമായ ചൊവ്വാഴ്ച ഐ.സി.സി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പരിപാടികള്‍ അരങ്ങേറി. ബുധനാഴ്ച ലൈവ് ഓര്‍ക്കസ്ട്രയുമായി ആസ്വാദകരുടെ മനം കവരും. ദിവസവും വൈകീട്ട് 7.30 മുതല്‍ 8.30 വരെയാണ് സംഗീത-നൃത്ത മേള നടക്കുന്നത്. നാളെ കര്‍ണാടക സംഘ ഖത്തറിന്റെ സംഗീത നിശയാണ് അരങ്ങേറുന്നത്.
വെള്ളിയാഴ്ച വിവിധ പരിപാടികളാണ് ഇന്ത്യൻ സമൂഹത്തിനായി കാത്തിരിക്കുന്നത്. പോസ്റ്റർ നിർമാണം, ഉപന്യാസ മത്സരം, കവിത രചന, പോസ്റ്റ് കാർഡ് നിർമാണം, രംഗോലി എന്നിവയുമായി ഉച്ച 12 മുതൽ മത്സരവേദികൾ സജീവമാകും. തുടർന്ന് രാത്രി 7.30 മുതൽ ഇൻകാസ് ഖത്തർ നേതൃത്വത്തിൽ കൾചറൽ പരിപാടികളും അരങ്ങേറും.
ഐ.സി.സി സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ അവതരിപ്പിച്ച നൃത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.