ദോഹ: ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയില്‍ ഇന്ത്യയും ഖത്തറും തമ്മില്‍ പുതിയ കരാര്‍ ഒരുങ്ങുന്നതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യൻ പൊതുമേഖല സ്ഥാപനമായ ‘ഗെയിൽ’ ഖത്തറുമായി 20 വർഷത്തെ ഇറക്കുമതി കരാർ സംബന്ധിച്ച് ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി വാർത്ത ഏജൻസിയായ ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. പ്രതിവര്‍ഷം 10 ലക്ഷം മെട്രിക് ടണ്‍ ദ്രവീകൃതക പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനാണ് ഖത്തർ എനർജിയുമായി കരാറിന് ശ്രമിക്കുന്നത്.
അബൂദബിയുടെ എണ്ണക്കമ്പനിയായ അഡ്നോക്കുമായി ഇന്ത്യന്‍ ഓയില്‍ കോർപറേഷന് 14 വര്‍ഷത്തെ എൽ.എൻ.ജി കരാറുണ്ടാക്കിയതിനു പിന്നാലെയാണ് ഗെയിൽ ഖത്തറുമായി കരാറിലെത്തുന്നത്. പ്രതിവര്‍ഷം 12 ലക്ഷം മെട്രിക് ടണ്‍ പ്രകൃതിവാതകം വാങ്ങാനുള്ള കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനവേളയിലാണ് ധാരണയായത്.
ഇന്ത്യയുടെ എൽ.എൻ.ജി ലഭ്യത സജീവമാക്കുകയും ഏത് അന്താരാഷ്ട്ര സാഹചര്യത്തിലും തടസ്സമില്ലാത്ത ഊർജ വിതരണം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ‘ഗെയിൽ’ കരാറിലെത്തുന്നത്. നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കരാര്‍ പ്രാബല്യത്തിലായാല്‍ ഖത്തറില്‍നിന്ന് പ്രകൃതിവാതകം ഇറക്കുമതിചെയ്യുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയാകും ഗെയില്‍. നിലവില്‍ പെട്രോനെറ്റുമായി ഖത്തർ എനർജിക്ക് കരാറുണ്ട്. പ്രതിവര്‍ഷം 85 ലക്ഷം മെട്രിക് ടണിന്റെ കരാറാണുള്ളത്. ഈ കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടാനും ശ്രമം നടക്കുന്നുണ്ട്. സെപ്റ്റംബറോടെ രണ്ടു കരാറുകളും പൂര്‍ത്തിയാക്കാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
റഷ്യയില്‍നിന്നുള്ള പ്രകൃതിവാതകലഭ്യത കുറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യ ഖത്തറടക്കമുള്ള രാജ്യങ്ങളെ സമീപിക്കുന്നത്. റഷ്യന്‍ കമ്പനിയായ ഗ്യാസ് പ്രോമിന്റെ ജര്‍മന്‍ യൂനിറ്റായിരുന്നു ഗെയിലിന്റെ പ്രധാന എൽ.എൻ.ജി സ്രോതസ്സുകളിലൊന്ന്.
എന്നാല്‍, റഷ്യ-യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ജര്‍മനി കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഗ്യാസ് പ്രോമിൽനിന്നുള്ള ഇന്ധന വിതരണത്തിന് തിരിച്ചടിയായി. ഇതോടെയാണ് ഖത്തറും യു.എ.ഇയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നും ഇന്ധന ഇറക്കുമതി കരാറിലേക്ക് ഇന്ത്യ തിരിഞ്ഞത്.
നിലവിൽ അമേരിക്കയുമായി പ്രതിവർഷം 58 ലക്ഷം മെട്രിക് ടണ്ണിന്റെയും ഗ്യാസ് പ്രോമിന്റെ പുതിയ രൂപമായ ‘സീഫു’മായി 25 ലക്ഷം മെട്രിക് ടണ്ണിന്റെയും കരാറുകൾ ഗെയിലിനുണ്ട്.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ ദ്രവീകൃത പ്രകൃതിവാതക വിതരണത്തിനുള്ള പൈപ്പ് ലൈനുകൾ ഉൾപ്പെടെ അടിസ്ഥാനസൗകര്യ വികസനത്തിന് വൻതോതിലാണ് ഗെയിൽ നിക്ഷേപം നടത്തിയത്. രാജ്യത്തിന്റെ ഊർജ മേഖലയിൽ 2030ഓടെ എൽ.എൻ.ജിയുടെ വിഹിതം 15 ശതമാനമാക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ് ശതകോടികൾ ഇന്ത്യൻ കമ്പനികൾ ചെലവഴിച്ചത്. നിലവിൽ 6.5 ശതമാനം മാത്രമാണ് ഇന്ത്യയുടെ എൽ.എൻ.ജി ഉപഭോഗം.
പരിസ്ഥിതിസൗഹൃദംകൂടിയായ എൽ.എൻ.ജി ഉപയോഗം വർധിപ്പിക്കുന്നതിനായി 80 ലക്ഷം മെട്രിക് പ്രകൃതിവാതകം കൂടി ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ് ഗെയില്‍. അതേസമയം, ഒരു ഉൽപാദകരിൽനിന്നു മാത്രം എൽ.എൻ.ജി ലഭ്യമാക്കുക എന്നതിൽനിന്നു മാറി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിതരണക്കാരുമായി കരാർ സ്ഥാപിക്കുന്നതിലൂടെ ഏതു സാഹചര്യത്തിലും ഊർജ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഗെയിൽ ഫിനാൻസ് മേധാവി രാകേഷ് ജെയിൻ ‘റോയിട്ടേഴ്സി’നോട് പറഞ്ഞു.
ലോകത്തെതന്നെ മുൻനിര എൽ.എൻ.ജി ഉൽപാദക രാജ്യമായ ഖത്തർ, തങ്ങളുടെ പുതിയ പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് പ്രവർത്തനക്ഷമമാവുന്നതോടെ ലോക വിപണിയുടെ 40 ശതമാനവും കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ്. 2027ഓടെ ഖത്തറിന്റെ പ്രതിവര്‍ഷ ഉല്പാദനം 126 ദശലക്ഷം മെട്രിക് ടണ്ണായി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.