ദോഹ: ഖത്തർ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച ഏഷ്യൻ കമ്യൂണിറ്റി ഫുട്ബാളിൽ ഇന്ത്യൻ ജേതാക്കൾ. രണ്ടു മാസത്തിലേറെയായി നടന്നുവരുന്ന ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഫലസ്തീനിനെ 3-2ന് തോൽപിച്ചായിരുന്നു ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റി ടീം കിരീടമുറപ്പിച്ചത്.
വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി താരങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന കമ്യൂണിറ്റി ഫുട്ബാളിൽ ഇന്ത്യയുടെ മൂന്നാമത്തെ കിരീടനേട്ടമാണിത്. നേരത്തെ 2016, 2020 സീസണിലും ജേതാക്കളായിരുന്നു. 2015, 2018, 2019 സീസണിൽ റണ്ണേഴ്സ് അപ്പുമായി.
ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ജപ്പാനെയും (5-1), രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും (4-1), പിന്നെ ഫലസ്തീനെയും (3-1)തോൽപിച്ച ഇന്ത്യ സെമിയിൽ ലെബനാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി. ഫൈനലിൽ ഫലസ്തീനെത്തിയപ്പോഴും വിജയഗാഥ തുടർന്ന് കിരീടമണിഞ്ഞു. മുഹമ്മദ് മുഫീർ അലി, റീഡ് സീമൻ, സാദിഖ് പുളിക്കൽ എന്നിവർ ഫൈനലിൽ ഗോൾ നേടി. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയും ഖത്തറിലെ അൽ ജസീറ ക്ലബ് താരവുമായ മുഫീറാണ് ടീം ക്യാപ്റ്റൻ. മുൻ കേരള സന്തോഷ് ട്രോഫി താരം സിറ്റി എക്സ്ചേഞ്ചിന്റെ മൗസിഫ്, മുൻ എയർഇന്ത്യ താരം റീഡ് എന്നിവർ ടീം അംഗങ്ങളാണ്. കോഴിക്കോട് സ്വദേശിയായ സുഹൈൽ ഇന്ത്യക്കുവേണ്ടി കൂടുതൽ ഗോളുകൾ സ്കോർ ചെയ്തു. ഇന്ത്യൻ സ്പോർട്സ് സെന്ററിനു കീഴിലാണ് ഏഷ്യൻ കമ്യൂണിറ്റി ചാമ്പ്യൻഷിപ്പിനുള്ള ടീം ബൂട്ടുകെട്ടിയത്.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ മോഹൻ അറ്റ്ല, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസ്, മുഹമ്മദ് ഈസ, ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സഫീർ റഹ്മാൻ, ജോൺ ദേശ, യാവർ അലി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ മത്സരാനന്തര ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.