ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായ വിപുൽ അമീർശൈഖ് തമീം ബിൻഹമദ് ആൽഥാനിയെ സന്ദർശിച്ച് അധികാര പത്രം കൈമാറി. വ്യാഴാഴ്ച രാവിലെ അമിരി ദിവാനിൽ വെച്ചായിരുന്നു അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടികാഴ്ചയും സ്ഥാന പത്രം കൈമാറലും. കഴിഞ്ഞ തിങ്കളാഴ്ച അംബാസഡർ ഖത്തർ വിദേശകാര്യ സഹമന്ത്രിയെ സന്ദർശിച്ച് സ്ഥാന പത്രം കൈമാറി അധികാര മേറ്റിരുന്നു.
അതിൻെറ തുടർച്ചയായാണ് അമീറിനെ സന്ദർശിച്ചത്. സ്ഥാന പത്രം ഏറ്റുവാങ്ങിയ ശേഷം ഇരുവരും കൂടികാഴ്ചയും നടത്തി. പുതിയ ചുമതലയിൽ വിജയാശംസകൾ നേർന്ന അമീർ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി-സൗഹൃദം കൂടുതൽ ഊഷ്മളമായി മാറ്റാനും വ്യാപാര-വികസന പദ്ധതികളിൽ സഹകരണം ശക്തിപ്പെടുത്താനും കഴിയട്ടെയെന്ന് ആശംസിച്ചു.
തുനീഷ്യൻ അംബാസഡർ ഫർഹാദ് ഖലിഫ്, ജർമൻ അംബാസഡർ ലൊതർ ഫ്രിഷാൾഡർ, ആസ്ട്രേലിയൻ അംബാസഡർ ഷെയ്ൻ ഫ്ലാനഗാൻ, തുർക്മെനിസ്താൻ അംബാസഡർ മിറാത്ഗെൽഡി സെയിത്മമദോവ് എന്നിവരും അമീറിനെ സന്ദർശിച്ച് സ്ഥാനപത്രം കൈമാറി.
തിങ്കളാഴ്ച വിദേശകാര്യ സഹമന്ത്രിക്ക് അധികാര പത്രം കൈമാറിയതിനു പിന്നാലെ ചൊവ്വാഴ്ച നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം കൈമാറിയിരുന്നു.
കഴിഞ്ഞ മാർച്ചിൽ നാട്ടിലേക്ക് മടങ്ങിയ ഡോ. ദീപക് മിത്തലിൻെറ പിൻഗാമിയായാണ് 1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥാനായ വിപുൽ ഖത്തർ അംബാസഡറാവുന്നത്. മൂന്നു മാസത്തെ ഇടവേളക്കു ശേഷമാണ് ദോഹയിലേക്ക് ഇന്ത്യൻ അംബാസഡർ എത്തുന്നത്. ഗൾഫ് മേഖലയിൽ മികച്ച പ്രവർത്തന സമ്പത്തുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.