ദോഹ: പുതിയ അധ്യായനത്തിന് തുടക്കം കുറിച്ചതോടൊപ്പം കനത്ത സുരക്ഷാ മുൻകരുതലുകളോടെ രാജ്യത്തെ ഇന്ത്യൻ സ്കൂളുകളും പ്രവർത്തനം പുനരാരംഭിച്ചു. ഖത്തറിൽ ഏറ്റവും കൂടുതൽ പ്രവാസി വിദ്യാർഥികൾ പഠനത്തിനായി ആശ്രയിക്കുന്നത് ഇന്ത്യൻ സ്കൂളുകളെയാണ്.
പ്രതിദിനം 30 ശതമാനം വിദ്യാർഥികൾക്കാണ് സ്കൂളുകളിലെത്താൻ വിദ്യാഭ്യാസ മന്ത്രാലയത്തി െൻറ അനുമതി. ഒന്നാം ദിനം മുതൽ വിദ്യാർഥികളുടെ സുരക്ഷ ഒരുക്കുന്നതിനായി എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ക്ലാസ് റൂം–ഒാൺലൈൻ പഠനങ്ങൾക്കായി വിദ്യാർഥികളെ പല ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ടെന്നും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമായിരിക്കും ഒരു വിദ്യാർഥിക്ക് സ്കൂളിലെത്തേണ്ടി വരുകയെന്നും സ്കൂൾ അധികൃതർ പറയുന്നു. വിദ്യാർഥികളുടെ ഭാവി പഠനവുമായി ബന്ധപ്പെട്ട് എല്ലാ സ്കൂളുകളും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമയക്രമമടക്കം പൂർണ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. അതേസമയം, വിദ്യാർഥികളെ രക്ഷിതാക്കൾതന്നെ സ്കൂളുകളിലെത്തിക്കണമെന്നും ഈ ടേമിൽ സ്കൂൾ ഗതാഗതം ഉണ്ടാകുകയില്ലെന്നും ബിർള സ്കൂൾ അധികൃതർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ചില രക്ഷിതാക്കൾക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. സ്വന്തം വാഹനത്തിൽ കുട്ടികളെ എത്തിക്കൽ പ്രായോഗികമല്ലാത്ത രക്ഷിതാക്കൾക്ക് ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും. അതേസമയം, ഈ അധ്യയന വർഷത്തിൻെറ ആദ്യ ടേം പൂർണമായും ഓൺലൈൻ ആകണമെന്നാണ് മിക്ക രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. 'പെനിൻസുല' പത്രം നടത്തിയ ഓൺലൈൻ സർവേയിലും ഭൂരിപക്ഷം രക്ഷിതാക്കളും ഇതേ ആവശ്യമാണ് ഉന്നയിച്ചിരുന്നത്. കുട്ടികളുടെ ആരോഗ്യസുരക്ഷയോർത്താണ് തങ്ങൾക്ക് ആശങ്കയെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ, എല്ലാ കോവിഡ് പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇകാര്യത്തിൽ ഒന്നും ഭയപ്പെടാനില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.