ദോഹ: ഇന്ത്യയുടെ ഓരോ ബഹിരാകാശ ദൗത്യവും വിജയത്തിലെത്തുമ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യമുണ്ട്; 1963 നവംബറിൽ തിരുവനന്തപുരം തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലേക്ക് റോക്കറ്റിന്റെ നോസ് കോൺ സൈക്കിളിൽവെച്ച് നീങ്ങുന്ന രണ്ടുപേർ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇന്ത്യൻ സ്പർശമായി ചന്ദ്രയാൻ-3 പതിയെ ഇറങ്ങിയപ്പോഴും, ആ ചിത്രങ്ങൾ പലരും പങ്കുവെച്ചു. കാരിയറിൽ റോക്കറ്റ് നോസ് കോൺ സ്ഥാപിച്ച സൈക്കിൾ തള്ളിനീക്കുന്ന വേലപ്പൻ നായരും റോക്കറ്റ് എൻജിനീയർ സി.ആർ. സത്യയുമാണവർ. ഇന്ന്, ചന്ദ്രയാൻ-3 ശാസ്ത്രലോകത്തെതന്നെ അതിശയിപ്പിച്ചപ്പോൾ ഈ കാഴ്ച കാണാൻ 60 വർഷം മുമ്പ് സൈക്കിളിൽ സ്വപ്നങ്ങളെ തള്ളിനടത്തിയവരുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ് ഖത്തറിൽനിന്നൊരാൾ; എൻജിനീയർ അസിസ്റ്റന്റായിരുന്ന വേലപ്പൻ നായരുടെ മകൻ ചന്ദ്രശേഖർ.
ഖത്തർ പൊലീസ് അക്കാദമിയിൽ പബ്ലിക് റിലേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ ചന്ദ്രശേഖറിന്റെ ഓർമയിൽ ചെറുപ്പം മുതൽ തന്നെയുണ്ട് ഈ ചിത്രങ്ങൾ. അന്ന് സ്കൂൾ വിദ്യാർഥിയായിരിക്കെ, ഐ.എസ്.ആർ.ഒയിൽ പ്രദർശനങ്ങൾക്കു പോകുമ്പോൾ ഈ ചിത്രം ചൂണ്ടിക്കാട്ടി സൈക്കിളുമായി നടന്നുനീങ്ങുന്ന മനുഷ്യൻ ഞാനായിരുന്നുവെന്ന് അച്ഛൻ പറയുമായിരുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളിലെല്ലാം ഈ ചിത്രം കാണുമ്പോൾ അച്ഛൻ പറയുന്നത് ചന്ദ്രശേഖറിന്റെ മനസ്സിലെത്തും. അന്ന് അതൊന്നും വലിയ വിശേഷമായി തോന്നിയിരുന്നില്ല. പിന്നീട് സമൂഹമാധ്യമങ്ങൾ സജീവമായ കാലത്ത് ഈ ചിത്രങ്ങൾ വലിയ തോതിൽ ശ്രദ്ധേയമായി. ആ ചിത്രത്തിലെ മനുഷ്യൻ അച്ഛനാണെന്ന് പറയാൻ അഭിമാനം.
തുമ്പയിലെ റോക്കറ്റ് വിക്ഷേപണത്തറയിലേക്ക് റോക്കറ്റ് നോസ് കോണുമായുള്ള ഈ സൈക്കിൾ യാത്ര ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഹെന്റി കാർട്ടിയർ ബ്രെസണാണ് പകർത്തിയത്. അന്ന് അപൂർവമായി മാത്രം പുറത്തുവന്നതാണ് ഈ ചിത്രം. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി രണ്ടു കിലോമീറ്റർ ദൂരമായിരുന്നു അന്ന് റോക്കറ്റ് നോസ് കോൺ സൈക്കിളിൽ കൊണ്ടുപോയത്. കൊച്ചിൻ നേവൽ ബേസിൽ മെക്കാനിക്കൽ ഇൻസ്ട്രക്ടർ ആയിരുന്ന വേലപ്പൻ നായരെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം നേരിട്ട് അഭിമുഖം നടത്തിയാണ് ഐ.എസ്.ആർ.ഒയിൽ നിയമിച്ചത്. ശ്രീഹരിക്കോട്ടയിൽ എസ്.എൽ.വി മൂന്നിന്റെ ലോഞ്ചിങ്ങിലും അദ്ദേഹം ഉണ്ടായിരുന്നു. 1992ൽ സയന്റിസ്റ്റ് എൻജിനീയർ എസ്.ഡിയായി ഐ.എസ്.ആർ.ഒയിൽനിന്ന് വിരമിച്ച വേലപ്പൻ നായർ, 2020ൽ 88ാം വയസ്സിൽ മരിച്ചു.
ഇന്ത്യയുടെ ഓരോ ബഹിരാകാശദൗത്യ വാർത്തയും അച്ഛന് ഏറെ സന്തോഷവും അഭിമാനവും നൽകുന്നതായിരുന്നു. 2019ൽ ചന്ദ്രയാൻ-2 അവസാന ഘട്ടത്തിൽ പരാജയപ്പെട്ടപ്പോൾ അച്ഛൻ ഏറെ ദുഃഖിച്ചു. ഇന്ന് ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഏറെ സന്തോഷിക്കുന്നത് അച്ഛനാകുമായിരുന്നുവെന്ന് ചന്ദ്രശേഖർ പറയുന്നു.
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ മാർഗദർശികളായ വിക്രം സാരാഭായ്, എ.പി.ജെ. അബ്ദുൽ കലാം മുതലുള്ള പ്രതിഭകൾക്കൊപ്പവും വേലപ്പൻ നായർ ജോലി ചെയ്തിരുന്നു. 1960-70 കാലത്ത് കാലാവസ്ഥ നിരീക്ഷണത്തിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും ഐ.എസ്.ആർ.ഒയിൽനിന്ന് റോക്കറ്റുകൾ വിക്ഷേപിക്കുന്നതും ഈ ദിവസങ്ങളിൽ ഏറെ വൈകി വീട്ടിലെത്തുന്ന അച്ഛനെ കാത്തിരിക്കുന്ന ഓർമകളുമെല്ലാം ചന്ദ്രശേഖർ പങ്കുവെക്കുന്നു.
നേരത്തേ സൂര്യ ടി.വിയിൽ പോസ്റ്റ് പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ചന്ദ്രശേഖർ, പത്തു വർഷം മുമ്പാണ് ഖത്തർ പ്രവാസിയായത്. സൗദിയിൽ പ്രവാസിയായ ഭാസ്കറാണ് സഹോദരൻ. ഡോ. അഞ്ജനയാണ് ഭാര്യ. നിരഞ്ജൻ, പൂർണിമ എന്നിവർ മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.