ദോഹ: സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണം സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗത്തിന്റെ അംഗീകാരത്തോടെ കരട് നിയമം ശൂറകൗൺസിലിന്റെ പരിഗണനക്കായി കൈമാറി.
തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് കൂടുതൽ അവസരം ഒരുക്കുന്നതിനായി തൊഴിൽ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതികളുടെ ഭാഗമായാണ് സ്വകാര്യ മേഖലകളിലെ സ്വദേശിവത്കരണം സംബന്ധിച്ച് കരട് തയാറാക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതിന്റെ വിവിധ നടപടികളും സജീവമാണ്.
തൊഴിൽ മന്ത്രാലയത്തിന്റെ നാഷനൽ മാൻപവർ അഫയേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് സ്വകാര്യ മേഖലകളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്.
നടപടിയുടെ ലക്ഷ്യങ്ങളും നേട്ടങ്ങളും തൊഴിൽ മന്ത്രാലയം വിശദീകരിച്ചു. അഭ്യസ്തവിദ്യരായ സ്വദേശികൾക്ക് തൊഴിൽ മേഖല കൂടുതൽ ആകർഷകമാക്കുക, സ്വദേശി ജീവനക്കാരെ ആകർഷിക്കാൻ കമ്പനികളുടെ മികവ് വർധിപ്പിക്കുക, സ്വദേശി ജീവനക്കാരുടെ പ്രഫഷനൽ മികവ് മെച്ചപ്പെടുത്തുക, തൊഴിൽ വിപണിയിൽ യോഗ്യരായ വ്യക്തികളുടെ സാന്നിധ്യം വർധിപ്പിക്കുക എന്നിവയാണ് ഇതുവഴി പ്രധാനമായും ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയിലെ നേതൃതലത്തിലേക്ക് സ്വദേശി തലമുറയെ കെട്ടിപ്പടുക്കുക, സ്ഥാപനങ്ങളുടെ നേതൃ പദവിയിലേക്കും വിദഗ്ധ മേഖലകളിലേക്കും ഖത്തരി യുവതീ യുവാക്കളുടെ നിയമനം സാധ്യമാക്കുക, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാർക്ക് സാമ്പത്തിക, അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുക തുടങ്ങിയവയും ഈ നയത്തിന്റെ നേട്ടമായി മന്ത്രിസഭ ചൂണ്ടിക്കാണിക്കുന്നു. തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സ്വദേശികൾക്ക് തൊഴിലവസരം ഒരുക്കുന്നതിന് വിവിധ പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു.
അതിന്റെ ഭാഗമായാണ് സെപ്റ്റംബറിൽ ‘ഇസ്തമർ’ പ്ലാറ്റ്ഫോം ആരംഭിച്ചത്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വിരമിച്ച സ്വദേശികൾക്ക് ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാൻ അധികൃതർ അവസരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.