ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ പാക്കേജ് നാലിലുൾപ്പെടുന്ന മുഴുവൻ സ്ട്രീറ്റുകളും ഗതാഗതത്തിന് തുറന്നുകൊടുത്തതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗതവും ചരക്കുനീക്കവും സുഗമമാകുമെന്നും പ്രധാന റോഡുകളുമായും എക്സ്പ്രസ് ഹൈവേകളുമായും ബന്ധിപ്പിക്കുന്നതോടെ രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ മുതൽക്കൂട്ടാകുമെന്നും അശ്ഗാൽ റോഡ് പ്രോജക്ട്സ് വിഭാഗം സതേൺ ഏരിയ സെക്ഷൻ പ്രോജക്ട്സ് എൻജിനീയർ മുഹമ്മദ് അൽ യാഫിഈ പറഞ്ഞു.
ഇൻഡസ്ട്രിയൽ ഏരിയ പദ്ധതിയിലെ പാക്കേജ് 1,2 6 എന്നിവ നേരത്തെ പൂർത്തിയാവുകയും, ഇതിൽ ഉൾപ്പെടുന്ന മുഴുവൻ റോഡുകളും സ്ട്രീറ്റുകളും ഗതാഗതത്തിന് തുറന്നുകൊടുത്തതായും എൻജി. അൽ യാഫിഈ വ്യക്തമാക്കി.
76 കിലോ മീറ്റർ ദൈർഘ്യത്തിൽ പ്രദേശത്തെ 2000 പ്ലോട്ടുകളുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതാണിത്. പാക്കേജ് നാലിൽ അൽ വകാലത് സ്്ട്രീറ്റ്, അൽ കറാജ സ്ട്രീറ്റ് എന്നിവയുടെ വികസനവും സ്ട്രീറ്റ് മൂന്ന്, 25, 26, 28 എന്നീ പ്രധാന ഇൻറർസെക്ടിങ് സ്ട്രീറ്റുകളുടെ വികസനവും മറ്റു അടിസ്ഥാന സൗകര്യവികസന പദ്ധതികളും ഉൾപ്പെടുന്നു. ഇൻഡസ്ട്രിയൽ ഏരിയയിലെ 679 പ്ലോട്ടുകളുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതാണ് പാക്കേജ് നാലിലെ റോഡുകളെന്നും കൂടാതെ പ്രധാന റീട്ടെയിൽ സ്റ്റോറുകൾ, വർക് ഷോപ്പുകൾ എന്നിവകളിലേക്കും സമീപത്തെ ഷോപ്പുകളിലേക്കും റെസിഡൻഷ്യൽ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം എളുപ്പമാക്കാനും ഇത് ഉപകരിക്കും.പദ്ധതിയുടെ ഭാഗമായി ഒമ്പത് കിലോമീറ്റർ നീളത്തിൽ റോഡുകൾ വികസിപ്പിച്ചെന്നും റോഡ് സുരക്ഷാ ഘടകങ്ങൾ സ്ഥാപിച്ചതായും കൂടാതെ 849 കാർ പാർക്കിങ് കേന്ദ്രങ്ങളും 286 ലൈറ്റിങ് പോളുകളും സ്ഥാപിച്ചതായും എൻജി. അൽ യാഫിഈ വ്യക്തമാക്കി.
അൽ വകാലത്ത് സ്ട്രീറ്റ്, അൽ കറാജ സ്ട്രീറ്റ്, സ്ട്രീറ്റ് 15, 23 എന്നിവിടങ്ങളിൽ പുതിയ സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനുകളും പാക്കേജ് നാലിെൻറ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.