ദോഹ: ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന് വിവിധ മേഖലകളിലെ പ്രവർത്തനമികവിന് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കയിലെ ഹാർവഡ് ബിസിനസ് കൗൺസിലിന്റെ മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് ഖത്തറിന്റെ പൊതു നിർമാണ മേഖലയെ നയിക്കുന്ന അഷ്ഗാലിനെ തേടിയെത്തിയത്.
ഉപഭോക്തൃ പരിരക്ഷക്കുള്ള ഗോൾഡ് അവാർഡും സൈപ്ല ചെയിൻ വിഭാഗത്തിൽ റോഡ് പ്രോജക്ട് ഡിപ്പാർട്മെന്റ് ഡയമണ്ട് അവാർഡും നേടി. ഇതിനു പുറമെ, പ്രവർത്തനമികവിന് സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് 2022 അംഗീകാരവും തേടിയെത്തി.
കഴിഞ്ഞ വർഷത്തെ ഗ്രീൻ ആൻഡ് എൻവയൺമെന്റൽ ഇനീഷ്യേറ്റിവ്സ്, ഹെൽത്ത് ആൻഡ് സേഫ്റ്റി വിഭാഗങ്ങളിലെ ഡയമണ്ട് അവാർഡുകളും കൂടാതെ കോവിഡ് മഹാമാരി കൈകാര്യംചെയ്യുന്നതിനുള്ള ഗോൾഡ് അവാർഡും നേടിയതിനുള്ള അംഗീകാരമായാണ് ഇത്തവണ എക്സലൻസ് സർട്ടിഫിക്കറ്റ് നൽകിയത്.
ഗതാഗതസൗകര്യ വികസനത്തിലും റോഡ് നിർമാണം, പ്രാദേശിക ഉൽപാദകർക്കുള്ള പിന്തുണ, പ്രാദേശിക ഉൽപന്നങ്ങൾ ഉപയോഗപ്പെടുത്തുന്നതിലെ സൂക്ഷ്മത, കമ്പനികൾ, കൺസൽട്ടിങ് ഏജൻസികൾ, കോൺട്രാക്ടർമാർ, തൊഴിലാളികൾ എന്നിവ പ്രാദേശികമായി ഉപയോഗപ്പെടുത്തുക തുടങ്ങിയ മേഖലകളിൽ അഷ്ഗാലിന്റെ മികവിനെ ഹാർവഡ് കൗൺസിൽ പ്രശംസിച്ചു.
സൈപ്ല ചെയിൻ വിഭാഗത്തിൽ ഡയമണ്ട് ലെവൽ നേട്ടമാണ് നിർമാണ മേഖലയിൽ അഷ്ഗാൽ നടത്തുന്നതെന്ന് വിലയിരുത്തി. അഷ്ഗാലിന്റെ പ്രവർത്തനമികവിനുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളുടെ തുടർച്ചയാണ് എച്ച്.ബി.സിയുടെ മൂന്ന് അവാർഡുകളെന്ന് റോഡ് പ്രോജക്ട്സ് വിഭാഗം മാനേജർ എൻജി. അൽ തമിമി പറഞ്ഞു.
ഏറ്റവും മികച്ച ഗുണമേന്മയുള്ള നിർമാണപ്രവർത്തനങ്ങളും സേവനങ്ങളും തുടരുന്നതിനും പരിസ്ഥിതിക്കും സമൂഹത്തിനും ഉന്നതനിലവാരത്തിലെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുമുള്ള പ്രചോദനമാണ് നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്തൃ പരിരക്ഷയിലെ ഗോൾഡ് മെഡൽ നേട്ടത്തിൽ അഷ്ഗാൽ പബ്ലിക് റിലേഷൻസ് മാനേജർ അബ്ദുല്ല സഅദ് അൽ സഅദ് സന്തോഷം പ്രകടിപ്പിച്ചു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കിയും അവരിൽനിന്ന് ഫീഡ്ബാക്ക് സ്വീകരിച്ചും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം വിജയംകണ്ടതിന്റെ സാക്ഷ്യമാണ് അവാർഡ് നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
ദോഹ സിറ്റി സെക്ഷൻ റോഡ് പ്രോജക്ട്സ് വിഭാഗം മേധാവി എൻജി. മൂസ അൽ സുവൈദിയും അവാർഡ് ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുത്തു. 2000ത്തോളം അപേക്ഷകളിൽനിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.