ദോഹ: ലോകകപ്പ് വേളയിൽ ദശലക്ഷം യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഒരുക്കി കൈയടി നേടിയ ഖത്തർ റെയിലിന് അന്താരാഷ്ട്ര അംഗീകാരം. ലോകകപ്പ് വേളയിലെ ഏറ്റവും മികച്ച സേവനം പരിഗണിച്ച് ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ടിന്റെ ബാഴ്സലോണയിൽ നടന്ന ഗ്ലോബൽ പബ്ലിക് ട്രാൻസ്പോർട്ട് സമ്മിറ്റിലാണ് ഖത്തർ റെയിലിന് അന്താരാഷ്ട്ര മികവിനുള്ള പുരസ്കാരം സമ്മാനിച്ചത്. യു.ഐ.ടി.പി-മെന മേഖലയിൽ ഓപറേഷനൽ എക്സലൻസ് പുരസ്കാരമാണ് ഏറ്റുവാങ്ങിയത്.
കാര്യക്ഷമമായ ഗതാഗത ശൃംഖലകൾക്കും സുരക്ഷിതമായ പൊതുയാത്രാ മാർഗങ്ങൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് അംഗീകാരങ്ങൾ ഏർപ്പെടുത്തിയത്. സേവന വിതരണ പ്രക്രിയ മെച്ചപ്പെടുത്തൽ, അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, നെറ്റ്വർക്ക്, ഷെഡ്യൂൾ പ്ലാനിങ്, റിസോഴ്സ് ഒപ്റ്റിമൈസേഷൻ എന്നിവയുൾപ്പെടെ നിരവധി മേഖലകൾ പരിഗണിക്കപ്പെട്ടു.
അന്താരാഷ്ട്ര പൊതുഗതാഗത സംവിധാനത്തിന്റെ ആദരവിന് ഖത്തർ റെയിൽ തെരഞ്ഞെടുക്കപ്പെട്ടത് അഭിമാന നിമിഷമാണെന്ന് പബ്ലിക് റിലേഷൻസ് ഡയറക്ടർ അബ്ദുല്ല അലി അൽ മൗലവി പറഞ്ഞു.
ലോകകപ്പ് മുന്നിൽ കണ്ട് 10 വർഷം മുമ്പ് ആരംഭിച്ച തയാറെടുപ്പിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരംകൂടിയാണ് ഈ നേട്ടം. വർഷങ്ങളുടെ തയാറെടുപ്പും, ഒടുവിൽ അവസാന ഒരുക്കങ്ങളും സംവിധാനങ്ങളും ഫലം കണ്ടതിൽ സന്തോഷമുണ്ട്. ഈ മഹത്തായ നേട്ടത്തിന് ഖത്തർ റെയിലിലെ ടീം അംഗങ്ങളോടും സേവനദാതാക്കളായ ആർ.കെ.എച്ച് ഖിതാറാത്തിനും നന്ദി അറിയിക്കുന്നു.
ലോകകപ്പ് കാലത്ത് ആരാധകര്‍ക്ക് ഒരുക്കിയ സൗകര്യമാണ് അംഗീകാരത്തിന് വഴിയൊരുക്കിയത്. സ്റ്റേഡിയങ്ങളിലേക്കും ഫാന്‍ സോണുകളിലേക്കുമുള്ള ആരാധകരുടെ യാത്രയില്‍ മെട്രോ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ദിവസത്തിൽ 21 മണിക്കൂർ എന്ന രീതിയില്‍ സര്‍വിസ് നടത്തിയ മെട്രോയില്‍ ലോകകപ്പ് സമയത്ത് ആകെ ഒരു കോടി 70 ലക്ഷം പേര് യാത്ര ചെയ്തുവെന്നാണ് കണക്ക്. ഇതില്‍ 99 ശതമാനം യാത്രക്കാരും സംതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. യാത്രക്കാര്‍ക്ക് പ്രയാസമില്ലാതെ രണ്ടര മിനിറ്റ് ഇടവേളകളില്‍ കൃത്യമായി, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി സര്‍വിസ് നടത്താനായി. കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പെന്ന ഖത്തറിന്റെ സ്വപ്നത്തിന് കരുത്ത് പകരാനും ദോഹ മെട്രോക്കായി. 8500 ടണ്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ പുറന്തള്ളല്‍ കുറക്കാന്‍ മെട്രോ സര്‍വിസിനായി എന്നാണ് വിലയിരുത്തല്‍.
എട്ട് സ്റ്റേഡിയങ്ങളും ഓരോ ദിവസവും നാല് മത്സരങ്ങൾ വീതമെന്ന ഷെഡ്യൂളും വിവിധ സ്റ്റേഡിയങ്ങളിൽനിന്ന് താമസസ്ഥലങ്ങളിലേക്ക് ലക്ഷക്കണക്കിന് യാത്രക്കാരുമെന്ന വെല്ലുവിളികളെ ഏറ്റവും മികച്ച തയാറെടുപ്പോടെ കൈകാര്യം ചെയ്താണ് ഖത്തർ റെയിൽ പ്രശംസ പിടിച്ചുപറ്റിയത്. ക്രൗഡ് മാനേജ്മെന്റിനായി 5000ത്തോളം അധിക ജീവനക്കാരെ ഉപയോഗപ്പെടുത്തി ഒരു പരാതികളുമില്ലാതെ സർവിസ് നടത്താനും സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.