ദോഹ: ഫലസ്തീനിലും ലബനാനിലും തുടരുന്ന ഇസ്രായേൽ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) മന്ത്രിതല സമ്മേളനം.
ഗസ്സക്കു പിറകെ ലബനാനിലേക്കും വ്യാപിപ്പിച്ച ഇസ്രായേൽ ആക്രമണം മേഖലയുടെ സമാധാനത്തിനും സുസ്ഥിരതക്കും ഭീഷണിയാണെന്ന് വ്യക്തമാക്കി.
സംഘർഷം മേഖലക്ക് പുറത്തേക്ക് വ്യാപിക്കുകയും ആഗോള സമാധാനത്തിനും സുരക്ഷക്കും തുരങ്കം വെക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ഇസ്രായേലും ഇറാനും തമ്മിൽ രൂപപ്പെടുന്ന പുതിയ സംഘർഷങ്ങളിൽ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു.
എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും, ഏറ്റുമുട്ടൽ ഉൾപ്പെടെ ഗുരുതര ഘട്ടങ്ങളിലേക്ക് പ്രവേശിക്കുന്നത് മേഖലയുടെ സ്ഥിരതക്കും സുരക്ഷക്കും ഭീഷണിയാണെന്നും ചൂണ്ടിക്കാണിച്ചു. ഗൾഫ് ഉൾപ്പെടെ മധ്യപൂർവേഷ്യയുടെ സുരക്ഷ ആഗോള സ്ഥിരതക്ക് അവിഭാജ്യഘടകമാണെന്ന് വ്യക്തമാക്കിയ കൗൺസിൽ, എല്ലാ കക്ഷികളോടും സംഘർഷം അവസാനിപ്പിക്കാനും ക്രിയാത്മക ചർച്ചകളിലൂടെ സമാധാനം നിലനിർത്താനും അഭ്യർഥിച്ചു.
ദോഹയിൽ നടന്ന 45ാമത് മന്ത്രിതല യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.