ദോഹ: ഖത്തർ ഫ്രീസോണിന് കീഴിലെ വിവിധ സാമ്പത്തിക മേഖലകളിലെ നിക്ഷേപം 500 കോടി റിയാൽ (500 കോടി റിയാൽ) എത്തിയതായി സഹമന്ത്രിയും ക്യു.എഫ്.ഇസഡ് (ഖത്തർ ഫ്രീസോൺ അതോറിറ്റി) ചെയർമാനുമായ ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സെയ്ദ്. വിവിധ മേഖലകളിൽനിന്നുള്ള അഞ്ഞൂറോളം കമ്പനികളെ ഫ്രീസോൺ ആകർഷിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഖത്തരി സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തമാക്കുന്നതിനും നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഫ്രീസോൺ അതോറിറ്റി നിർണായക പങ്കുവഹിക്കുന്നതായി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സെയ്ദ് പറഞ്ഞു.
ഖത്തർ ഫ്രീ സോൺ അതോറിറ്റി സി.ഇ.ഒ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഫൈസൽ ആൽഥാനിയുടെ സാന്നിധ്യത്തിൽ ഖത്തർ ചേംബർ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബിൻ അഹ്മദ് ബിൻ തവാറുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തർ ഫ്രീ സോൺ അതോറിറ്റി, ഖത്തർ ചേംബർ എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഫ്രീ സോണുകളിലെ നിക്ഷേപ നേട്ടങ്ങളും ബിസിനസ് അവസരങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായി ഇരു സംഘവും റാസ് ബു ഫുൻതാസ് ഫ്രീ സോണിലേക്ക് ഫീൽഡ് ടൂറും സംഘടിപ്പിച്ചു. ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിലും ഫ്രീ സോണുകളിൽ ഖത്തരി സ്വകാര്യ മേഖലയുടെ പദ്ധതികൾ സ്ഥാപിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ച് കൊണ്ട് ചേംബറും ഫ്രീ സോൺ അതോറിറ്റിയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും അവർ ചർച്ച നടത്തി.
ഖത്തരി സ്വകാര്യ മേഖല രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും, 2024-2030ലെ മൂന്നാം ദേശീയ വികസന തന്ത്രത്തിലെ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന് കാര്യമായ സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക നിക്ഷേപകർക്ക് ഖത്തർ ഫ്രീ സോൺ നൽകുന്ന നേട്ടങ്ങളെയും സൗകര്യങ്ങളെയും കുറിച്ച് കൂടുതലറിയാൻ ഖത്തറിലെ വ്യവസായികൾ തൽപരരാണെന്ന് മുഹമ്മദ് ബിൻ അഹ്മദ് ബിൻ തവാർ അൽ കുവാരി പറഞ്ഞു.
എമർജിങ് ടെക്നോളജി, ലോജിസ്റ്റിക്സ് ആൻഡ് ട്രേഡിങ്, ഇൻഡസ്ട്രിയൽ ആൻഡ് കൺസ്യൂമർ, മാരിടൈം, എയ്റോസ്പേസ് ആൻഡ് ഡിഫൻസ്, ഫുഡ് ആൻഡ് അഗ്രിടെക്, ബയോമെഡിക്കൽ സയൻസ് തുടങ്ങി നിക്ഷേപക കമ്പനികൾക്ക് മത്സരാധിഷ്ഠിത നേട്ടം നൽകുന്ന പ്രധാന ബിസിനസ് മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതിലാണ് ഖത്തർ ഫ്രീ സോൺ അതോറിറ്റി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.