ദോഹ: നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ഇറാനിലെ കെർമാനിലെ ചാവേർ സ്ഫോടനം ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. നിരപരാധികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടുക്കം രേഖപ്പെടുത്തി. ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ദുഖത്തിലും വേദനയിലും പങ്കുചേരുന്നതായും, അക്രമങ്ങളെയും തീവ്രവാദത്തെയും ശക്തമായ ഭാഷയിൽ ഖത്തർ അപലപിക്കുന്നതായും അറിയിച്ചു.
ഇറാനെ അസ്ഥിരപ്പെടുത്താനുള്ള ലക്ഷ്യങ്ങളുടെ ഭാഗമായാണ് ആക്രമണം. എന്നാൽ, ഇത് പരാജയപ്പെട്ടു. ഇറാന്റെ ഐക്യത്തിൽ ആത്മവിശ്വാസവും ഖത്തറിന്റെ പിന്തുണയും വ്യക്തമാക്കി -പ്രസിഡന്റും അമീറും തമ്മിലെ ഫോൺ സംഭാഷണം ഉദ്ധരിച്ചുകൊണ്ട് ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട ചെയ്തു. ഖത്തർ വിദേശകാര്യമന്ത്രാലയം സ്ഫോടനത്തെ അപലപിച്ചു. ഇരകളുടെയും കുടുംബങ്ങളുടെയും വേദനയിൽ പങ്കു ചേരുന്നതായും, സർക്കാറിനും ജനങ്ങൾക്കുമൊപ്പം നിലകൊള്ളുന്നതായും ഖത്തർ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.