ദോഹ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ആശങ്കയും നടുക്കവും പ്രകടിപ്പിച്ച് ഖത്തർ. മധ്യപൗരസ്ത്യ മേഖലയുടെ സമാധാനവും സുരക്ഷയും അപകടത്തിലാക്കുന്ന സംഘർഷങ്ങളിൽനിന്ന് ബന്ധപ്പെട്ട എല്ലാ കക്ഷികളും പിൻവാങ്ങണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. സംഘർഷം ലഘൂകരിക്കാനും മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള ഖത്തറിന്‍റെ പ്രതിബദ്ധതയും മന്ത്രാലയം ആവർത്തിച്ചു.
ശനിയാഴ്ച അർധരാത്രിയിൽ ഇറാൻ ഇസ്രായേലിലേക്ക് ആക്രമണം നടത്തിയതിനു പിന്നാലെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമിർ അബ്ദുല്ലഹിയാനുമായി ടെലിഫോണിൽ സംസാരിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്നും അഭിപ്രായഭിന്നതകൾ സമാധാനപരമായി പരിഹരിക്കണമെന്നും അഭ്യർഥിച്ചു. പുതിയ സംഘർഷങ്ങളിൽ ഖത്തറിന്റെ ആശങ്ക പ്രധാനമന്ത്രി ഇറാൻ വിദേശകാര്യമന്ത്രിയെ അറിയിച്ചു.
ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനും. ശനിയാഴ്ച രാത്രിയിൽ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ, ഞായറാഴ്ചയാണ് ഇരുരാഷ്ട്ര നേതാക്കളും ഫോണിൽ വിളിച്ച് നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തത്.
സംഘർഷം വ്യാപിക്കുന്നത് തടയാനും മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നത് സംബന്ധിച്ചും ഇരു രാഷ്ട്രത്തലവന്മാരും ചർച്ച നടത്തിയതായി അമിരി ദിവാൻ അറിയിച്ചു. ആറുമാസമായി തുടരുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കാനും ഖത്തർ അമീറും യു.എ.ഇ പ്രസിഡന്റും ആവശ്യപ്പെട്ടു. മേഖലയിൽ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കുന്ന ഫലസ്തീൻ പ്രശ്‌നത്തിന് അന്തിമ പരിഹാരം ആവശ്യമാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.