ദോഹ: മനുഷ്യന്റെ ബുദ്ധിയും വിവേകവും വിവേചനശേഷിയും ഉപയോഗിച്ച് ഉൾക്കൊള്ളേണ്ട ജീവിതവ്യവസ്ഥയാണ് ഇസ്ലാമെന്നും അത് മനുഷ്യന് ഐശ്വര്യപൂർണമായ ജീവിതമാണ് വിഭാവനം ചെയ്യുന്നത് എന്നും കേരള ജം ഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ പ്രഫ. അബ്ദുൽ അലി മദനി അഭിപ്രായപ്പെട്ടു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതസംസ്കാരത്തിന്റെ മൂല്യം ഉൾക്കൊണ്ടുകൊണ്ടാണ് അടുത്തവർഷം ആരംഭത്തിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ എന്ന പ്രമേയം തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം.ടി. മനാഫ് മാസ്റ്റർ പറഞ്ഞു. കുടുംബസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ‘കാത്തുവെക്കാം സൗഹൃദ തീരം എന്ന പ്രമേയം വളരെ പ്രസക്തവും കാലം ആവശ്യപ്പെടുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വെളിച്ചം ഖുർആൻ പഠനപദ്ധതിയുടെ ആറാം മൊഡ്യൂൾ പഠനസഹായിയുടെ പ്രകാശനം അബ്ദുൽ അലി മദനി, എൻ.കെ.എം. ജാബിർ ഖാസിമിന് ആദ്യകോപ്പി കൈമാറി നിർവഹിച്ചു. ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി ചടങ്ങിൽ അധ്യക്ഷനായിരുന്നു. മുജീബ് റഹ്മാൻ മദനി, സിറാജ് ഇരിട്ടി, ഡോ. റസീൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റഷീദ് അലി വി.പി, അബ്ദുല്ലത്തീഫ് നല്ലളം, ഷമീം കൊയിലാണ്ടി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.