ദോഹ: ബുധനാഴ്ച പുലർച്ചെ തെഹ്റാനിൽ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യയുടെ മയ്യിത്ത് വ്യാഴാഴ്ച ദോഹയിലെത്തിക്കും. മയ്യിത്ത് നമസ്കാരവും, പൊതുദർശനവും ഉൾപ്പെടെ ഇറാനിൽ ഔദ്യോഗിക ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ മൃതദേഹം ഖത്തറിലെത്തിക്കുന്നത്. തുടർന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ദോഹയിലെ ഇമാം മുഹമ്മദ് ബിൻഅബ്ദുൽ വഹാബ് പള്ളിയിൽ മയ്യിത്ത് നമസ്കാരശേഷം ലുസൈലിൽ ഖബറടക്കും.
ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ വിവിധ അറബ് നേതാക്കളും, പൊതുജനങ്ങളും പങ്കെടുക്കും. 2017ൽ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിറകെ ഗസ്സ വിട്ട ഇസ്മാഈൽ ഹനിയ്യയുടെ പ്രവർത്തനകേന്ദ്രം ഖത്തറായിരുന്നു.
ദോഹയിലിരുന്ന് നയതന്ത്ര, രാഷ്ട്രീയ നീക്കങ്ങൾക്ക് ചരടുവലിച്ച അദ്ദേഹം, ഇസ്രായേലിന്റെ വധഭീഷണികൾക്കിടയിലും വിദേശയാത്രകളും കൂടിക്കാഴ്ചകളുമായി സജീവമായി. ഇതിനിടെയാണ് തെഹ്റാനിൽ വെച്ച് കൊല്ലപ്പെടുന്നത്. ഒടുവിൽ രക്തസാക്ഷിയായി തിരികെയെത്തി അന്ത്യവിശ്രമം കൊള്ളുന്നതും അഭയമായ മണ്ണിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.